| Thursday, 8th February 2024, 4:25 pm

ഓസ്‌ലറിന്റെ രണ്ടാം ഭാഗത്തില്‍ ദിലീഷ് പോത്തന്‍ ഉണ്ടാകുമോ? താരത്തിന്റെ പ്രതികരണം ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് എന്ന് പറയാവുന്ന സിനിമയാണ് ജയറാം നായകനായി എത്തിയ അബ്രഹാം ഓസ്‌ലര്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത മെഡിക്കല്‍ ത്രില്ലര്‍ സിനിമയാണ് ഓസ്‌ലര്‍. മമ്മൂട്ടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ശ്രദ്ധേയമായ മറ്റൊരു വേഷം ചെയ്ത നടനാണ് ദിലീഷ് പോത്തന്‍. സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദിലീഷ് പോത്തന്‍ ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ദിലീഷ് പോത്തനും, ഫഹദ് ഫാസിലും, ശ്യാം പുഷ്‌കറും, ചേര്‍ന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന പ്രേമലു സിനിമയുടെ പ്രസ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്. ‘ഓസ്‌ലറിന്റെ ഒന്നാം ഭാഗത്തില്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് പോലും മിഥുന്‍ വിശദമായി പറഞ്ഞിട്ടില്ല. രണ്ടാം ഭാഗത്തിന്റെ ഐഡിയ മിഥുന്റെ മനസില്‍ ഉണ്ടെന്നറിയാം. അതിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പുള്ളി സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്. ബാക്കി വിവരങ്ങള്‍ മിഥുന്‍ തന്നെ പറയുമായിരിക്കും’ ദിലീഷ് പോത്തന്‍ പറഞ്ഞു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രേമലു. ഹൈദരബാദ് പ്രധാന ലൊക്കേഷനായി വരുന്ന സിനിമ, പുതിയ ജനറേഷനിലെ പ്രണയത്തെ നര്‍മത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുകയാണ്. നസ്‌ലെനും മമിതാ ബൈജുവുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇവരെക്കൂടാതെ ശ്യാം മോഹന്‍, മീനാക്ഷി രവീന്ദ്രന്‍, അല്‍ത്താഫ് സലിം, മാത്യു തോമസ് എന്നിവരും സിനിമയിലുണ്ട്. വിഷ്ണു വിജയ് ആണ് സിനിമയുടെ സംഗീതം. അജ്മല്‍ സാബുവാണ് ഛായാഗ്രഹണം. കുമ്പളങ്ങി നൈറ്റ്‌സ്, ജോജി, തങ്കം എന്നീ സിനിമകള്‍ക്ക് ശേഷം ഭാവനാ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Dileesh Pothan reveals that he would be part of Ozler 2

We use cookies to give you the best possible experience. Learn more