| Thursday, 14th July 2022, 4:20 pm

കടുവയില്‍ ബൈജുവിന്റെ റോളില്‍ ദിലീഷ് പോത്തന്‍ അഭിനയിച്ചിരുന്നു; നിരവധി സീനുകള്‍ ഷൂട്ട് ചെയ്ത ശേഷം പിന്മാറേണ്ടി വന്നു: തിരക്കഥാകൃത്ത് ജിനു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കടുവ സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് മനസില്‍ കണ്ട പല കഥാപാത്രങ്ങളേയും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം.

ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു റോള്‍ കൈകാര്യം ചെയ്ത വ്യക്തിയെ മാറ്റേണ്ടി വന്നതിനെ കുറിച്ചും ജിനു പറയുന്നുണ്ട്. ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.

ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഫ്രാക്ചറായി. അങ്ങനെ അത് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നു, ജിനു പറഞ്ഞു.

കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

തിരക്കഥ എഴുതുമ്പോള്‍ വിവേക് ഒബ്രോയിയുടെ മുഖമായിരുന്നോ വില്ലന് എന്ന ചോദ്യത്തിന് വിവേക് ഒബ്രോയ് ആയിരുന്നില്ല അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു തന്റെ മനസില്‍ എന്നും ജിനു പറഞ്ഞു.

‘ ഞങ്ങള്‍ അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ്.

അതുപോലെ അലന്‍സിയര്‍ ചേട്ടന് പകരം സിദ്ദിഖായിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം രണ്ട് ദിവസം വന്ന് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കൊവിഡ് വന്ന് പടം നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഡേറ്റ് പ്രശ്‌നമായി. പിന്നീട് അലന്‍സിയര്‍ ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്തതാണ്.

ഷാജോണിന്റെ കഥാപാത്രത്തെ അദ്ദേഹത്തെ തന്നെ കണ്ടാണ് എഴുതിയത്. അതുപോലെ അദ്ദേഹത്തിന്റെ അച്ഛനായി അബു സലീം ചേട്ടനെ തന്നെയായിരുന്നു കണ്ടത്. കുറച്ചധികം സീനുകളും അദ്ദേഹത്തിന്റേത് ഷൂട്ട് ചെയ്തിരുന്നു. പിന്നെ ട്രിം ചെയ്യേണ്ടി വന്നതാണ്, ജിനു പറഞ്ഞു.

Content Highlight: Dileesh Pothan played the role of Baiju in Kaduva Had to withdraw after shooting several scenes says Script writer Jinu

We use cookies to give you the best possible experience. Learn more