| Saturday, 17th June 2023, 9:06 pm

ജോജി ചെയ്തപ്പോൾ ഞാൻ കുറച്ച്‌ കാലത്തേക്ക് ആ സിനിമയിൽ അകപ്പെട്ട് പോയിരുന്നു: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജി സിനിമ സംവിധാനം ചെയ്തതിനു ശേഷം ചിത്രത്തിന്റെ ഹാങ്ങോവറിൽ നിന്നും പുറത്തുവരാൻ സമയം വേണ്ടിവന്നെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. നെഗറ്റീവ് വേഷങ്ങൾ ചെയ്യുമ്പോൾ അത്തരം അവസ്ഥകൾ വളരെ കൂടുതൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില സിനിമകൾ ചെയ്താൽ അതിൽ നിന്ന് പുറത്തുവരാൻ അൽപം പാടാണ്. എല്ലാത്തിനും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ട്. ജോജി ചെയ്തപ്പോൾ എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ അൽപം സമയം വേണ്ടി വന്നു. നമ്മൾ ആ സിനിമാക്കകത്ത് പെട്ടുകിടക്കുകയാണ്. ആ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയിൽ ഒക്കെ ചിലപ്പോൾ അകപ്പെട്ട്പോകും. അഭിനയിക്കുന്ന സമയത്ത് അത് മിക്കപ്പോഴും സംഭവിക്കാറുണ്ട്.

നെഗറ്റീവ് വേഷങ്ങൾ ചെയ്യുമ്പോൾ ആ കഥാപാത്രവുമായി കൂടുതൽ അടുത്തുപോകും. ചിലപ്പോൾ ആ കഥാപാത്രത്തിൽ പെട്ട് പോകും. എനിക്ക് മിക്കപ്പോഴും സംഭവിക്കാറുണ്ട്,’ ദിലീഷ് പോത്തൻ പറഞ്ഞു.

അഭിമുഖത്തിൽ കാപ്പ എന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ ലത്തീഫ് എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ആ കഥാപാത്രത്തെ വളരെ പോസിറ്റീവ് ആയിട്ടുള്ള ആംഗിളിൽ ആണ് കാണുന്നതെന്നും കഥാപാത്രം ഒരു നീതിമാൻ ആണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

‘കാപ്പയിലെ ലത്തീഫ് എന്ന കഥാപാത്രത്തെ ഞാൻ എന്റേതായ എത്തിക്സ് എല്ലാം പാലിക്കുന്ന ഒരാളായിട്ടാണ് കാണുന്നത്. ലത്തീഫിന്റെ കഥാപാത്രത്തെ ഞാൻ വ്യക്തിപരമായി വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ആ കഥാപാത്രം ഏറ്റവും നീതിമാൻ ആയിട്ടാണ് ഞാൻ കാണുന്നത്,’ ദിലീഷ് പോത്തൻ പറഞ്ഞു.

Content Highlights: Dileesh pothan on Joji

We use cookies to give you the best possible experience. Learn more