| Monday, 6th February 2023, 3:31 pm

മഹേഷിന്റെ പ്രതികാരത്തോടെ ഞാന്‍ ആ പണി നിര്‍ത്തി, ഇനി ചെയ്യില്ല: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷിന്റെ പ്രതികാരം, ജോജി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതലായ ഹിറ്റ് സിനിമകള്‍ മലയാളിക്ക് നല്‍കിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. സംവിധായകനായും, നിര്‍മാതാവുമായി തിളങ്ങിയ താരം മികച്ചൊരു നടനും കൂടിയാണ്. ഇപ്പോഴിതാ തന്റെ അഭിനയത്തെയും, സംവിധാനത്തെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

തന്റെ അഭിനയത്തെ താന്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ലെന്നും അതിനാലാണ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മടിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം പറഞ്ഞത്.

‘ഞാന്‍ അഭിനയിച്ച് മറ്റൊരാള്‍ ജഡ്ജ് ചെയ്യുന്നതാണ് സൗകര്യം. എന്റെ അഭിനയത്തെ ഞാന്‍ തന്നെ വിലയിരുത്തുന്നത് ശരിയല്ല. ഒരുപാട് പ്രഷറും ടെന്‍ഷനും അനുഭവിച്ചാണ് നമ്മള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

ആ സമയത്ത് നമ്മുടെ പെര്‍ഫോര്‍മന്‍സിനെ നമ്മള്‍ തന്നെ വിലയിരുത്തുന്നത് കറക്ട് ആവുമെന്ന് എനിക്ക് തോന്നുന്നില്ല. മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ചതോടെ ഞാന്‍ ആ പണി നിര്‍ത്തി. ഞാന്‍ അഭിനയിച്ച് കഴിഞ്ഞ് ഡയറക്ടര്‍ ഓക്കെ എന്ന് പറയാനില്ലെങ്കില്‍ എനിക്ക് പ്രശ്‌നമാണ്. മറ്റുള്ളവര്‍ക്ക് എങ്ങനെയാണന്ന് അറിയില്ല,’ ദിലീഷ് പറഞ്ഞു.

എന്നാല്‍ എല്ലാ താരങ്ങളും ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും ഡയറക്ടര്‍ ഓക്കെ എന്ന് പറയുമ്പോള്‍ മാത്രമാണ് നമുക്ക് സമാധാനം ആവുന്നതെന്നും അഭിമുഖത്തിലൊപ്പമുണ്ടായിരുന്ന മമ്മൂട്ടി പറഞ്ഞു. ഈ ടെന്‍ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു ആക്ടര്‍ എന്ന നിലയില്‍ നമുക്ക് വളരാന്‍ കഴിയൂ എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

അടുത്ത കാലത്തിറങ്ങിയ പല സിനിമകളെയും ദിലീഷ് പോത്തന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഭീഷ്മപര്‍വ്വം, പട, പ്രകാശന്‍ പറക്കട്ടെ, പാല്‍തു ജാന്‍വര്‍, കാപ്പ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരുന്നു.

ഉദയകൃഷ്ണ, ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടിക്കും ദിലീഷ് പോത്തനുമൊപ്പം സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, തെന്നിന്ത്യന്‍ താരം വിനയ് റായ്, ഷൈന്‍ ടോം ചാേക്കാ എന്നിങ്ങനെ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്.

Content Highlight: Dileesh Pothan about why he is not willing to act in movies he directs

We use cookies to give you the best possible experience. Learn more