നാല് പേരും ഒരു വടിയും ഉണ്ടെങ്കിൽ എനിക്ക് സീൻ എടുക്കാം; പക്ഷെ മഹേഷിന് ഹെലികോപ്റ്ററും വെടിയും വേണമല്ലോ: ദിലീഷ് പോത്തൻ
Entertainment news
നാല് പേരും ഒരു വടിയും ഉണ്ടെങ്കിൽ എനിക്ക് സീൻ എടുക്കാം; പക്ഷെ മഹേഷിന് ഹെലികോപ്റ്ററും വെടിയും വേണമല്ലോ: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th March 2024, 5:48 pm

ഒരു സിനിമയെടുക്കാൻ വലിപ്പം പ്രധാന ഘടകമാണെന്ന് നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ. തന്റെ സിനിമയായ ജോജിയിലെ ഒരു സീൻ എടുക്കാൻ വേണ്ടി റിഹേഴ്സൽ ചെയ്തിട്ട് ഷൂട്ട് നാളെത്തേക്ക് മാറ്റാമെന്നും അത് ചെയ്യാൻ നാല് പേരുടെ ആവശ്യമേയുള്ളൂയെന്നും ദിലീഷ് പറഞ്ഞു.

എന്നാൽ മഹേഷ് നാരായണന്റെ സിനിമയാകുമ്പോൾ ഹെലികോപ്റ്ററും വെടിയും പടക്കവുമൊക്കെ വേണമെന്നും സമയം വലിയ ഘടകമാണെന്നും ദിലീഷ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയെടുക്കാൻ വലിപ്പം പ്രധാന ഘടകമാണ്. ഉദാഹരണത്തിന് ജോജിയിലെ ഒരു സീൻ എടുക്കാൻ വേണ്ടിയിട്ട് ഇന്ന് ഈ സീൻ എടുക്കാമെന്ന് കരുതുന്നു. ഇന്ന് വന്നിട്ട് റിഹേഴ്സൽ ഒക്കെ ചെയ്ത് കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്നില്ല നാളെ എടുക്കാമെന്ന് പറയുമ്പോൾ ആ ഷൂട്ട് ഒഴിവാക്കാൻ കഴിയും.

ആകെ ആ സീൻ എടുക്കാൻ നാല് പേര് മതി, കൂടുതൽ ആളുകൾ വേണ്ട. നാല് പേരും ഒരു വടിയും ഉണ്ടെങ്കിൽ നമുക്ക് ഈ സീൻ എടുക്കാവുന്നതേയുള്ളു. എന്നാൽ ഇവിടെ (മഹേഷ് നാരായൺ) ഹെലികോപ്റ്ററും വെടിയും പടക്കവുമായിട്ട് നിൽകുമ്പോൾ നടക്കില്ല. സമയം വലിയ ഘടകമായിട്ട് വരും,’ ദിലീഷ് പോത്തൻ പറഞ്ഞു.

എന്നാൽ ദിലീഷ് ഓർഡറിൽ ഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ കൊതി തോന്നാറുണ്ടെന്ന് മഹേഷ് ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ദിലീഷ് ഷൂട്ട് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് കൊതി തോന്നാറുണ്ട്. ഇവർക്ക് ഓർഡറിൽ ഷൂട്ട് ചെയ്യാൻ പറ്റുന്നുണ്ടല്ലോ. അറിയിപ്പ് പോലൊരു സിനിമ വന്നപ്പോൾ, ഒരു ഫാക്ടറി ഉണ്ട്. പ്രൊഡക്ഷനിൽ ഞാനും കൂടെ ഉള്ളത്കൊണ്ട് ചാക്കോച്ചൻ ഒക്കെ വന്ന് ചോദിച്ചു. ഇറാഖും ഇവിടെ ഉണ്ടാക്കിയാൽ നമുക്ക് ഫാക്ടറി ഇവിടെ ചെയ്താൽ പോരേന്ന് ചോദിച്ചു.

ഞാൻ പറഞ്ഞത് എനിക്ക് പടം ഓർഡറിൽ ചെയ്തേ പറ്റൂ എന്നാണ്. അത് നിർബന്ധം പിടിച്ച് ഞാൻ ഫാക്ടറി നോയിഡയിൽ കൊണ്ടു വന്ന് സെറ്റപ്പ് ചെയ്യുന്നു. രാവിലെ ഫാക്ടറി, വൈകുന്നേരം വീട് എന്ന് ഷൂട്ട് ചെയ്യാൻ തുടങ്ങി. എനിക്കിങ്ങനെ ചെയ്യാൻ ഉള്ള കൊതി കൊണ്ടാണ്. സ്വന്തമായിട്ട് പ്രൊഡക്ഷൻ ചെയ്യുന്നതുകൊണ്ട് നമുക്ക് അത് സാധ്യമാകുന്നത്,’ മഹേഷ് നാരായൺ പറഞ്ഞു.

Content Highlight: Dileesh pothan about the movie’s depth