| Sunday, 11th July 2021, 12:23 pm

മഹേഷിനെ കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പടമാണിത്; മാലികിനെപ്പറ്റി ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമായ മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. കൊവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് ഒ.ടി.ടി. റിലീസ് ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് എത്തുന്നത്.

ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി തുറന്നു പറയുകയാണ് ദിലീഷ് പോത്തന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹേഷ് നാരായണന്‍ എന്ന സംവിധായകന് മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമയാണ് മാലിക് എന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ റിലീസായ ചിത്രങ്ങളില്‍ വെച്ച് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസുള്ള കഥയില്‍ വളരെ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് മാലികിലേത്. ഒരു പീരീഡില്‍ നടക്കുന്ന കഥയാണ് മാലിക്. എന്റെ കഥാപാത്രം 1989 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്നയാളാണ്.

അതിനായി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. അബുബക്കര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു രാഷ്ട്രീയനേതാവാണ്. അതേസമയം സുലൈമാന്റെ സുഹൃത്തുമാണ്.

ഒരു യൂണിയന്‍ നേതാവ് മുതല്‍ മന്ത്രി വരെയുള്ള വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. ഇതൊരു വലിയ പടമാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന മഹേഷിനെ കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പടമാണിത്’, ദിലീഷ് പറഞ്ഞു.

നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു.

2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dileesh Pothan About Malik Movie

We use cookies to give you the best possible experience. Learn more