| Wednesday, 1st January 2025, 8:05 am

ഷോർട്ട് ഫിലിമിനായി തയ്യാറാക്കിയ കഥയാണ് പിന്നീട് ആ ഫഹദ് ഫാസിൽ സിനിമയായത്: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിട്ടാണ് മഹേഷിന്റെ പ്രതികാരം വിലയിരുത്തപ്പെടുന്നത്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിൽ പുത്തൻ ആഖ്യാന രീതിക്ക് തുടക്കമിട്ട ഒരു ചിത്രം കൂടിയാണ്. ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആ വർഷത്തെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

റിയലിസ്റ്റിക് സിനിമകളുടെ നവ തരംഗത്തിന് തുടക്കമിട്ട ചിത്രം എന്ന നിലയിൽ വലിയ ചർച്ചകളിൽ ഇടം നേടിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം. പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്ന പേരിലാണ് ദിലീഷ് പോത്തന്റെ സംവിധാനത്തെ കുറിച്ച് ആളുകൾ പറഞ്ഞു തുടങ്ങിയത്.

സഹ സംവിധായകനായിരുന്ന സമയത്ത് ആക്ഷൻ ത്രില്ലർ സിനിമകൾ ചെയ്യാനായിരുന്നു തനിക്ക് ആഗ്രഹമെന്നും ഒരു ഷോർട്ട് ഫിലിം ചെയ്യാനായി ശ്യാം പുഷ്ക്കരൻ പറഞ്ഞ ത്രെഡിൽ നിന്നാണ് മഹേഷിന്റെ പ്രതികാരം ഉണ്ടാവുന്നതെന്നും ദിലീഷ് പോത്തൻ പറയുന്നു. അവസാനം അതൊരു സിനിമയായി മാറിയെന്നും കഥ കേട്ടപ്പോൾ ആഷിഖ് അബു ആ സിനിമ നിർമിക്കാമെന്ന് പറഞ്ഞെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അസോസിയേറ്റ് ആയ കാലത്തുതന്നെ ഞാനും ശ്യാമും ദിലീഷ് നായരും തങ്കത്തിന്റെ സംവിധായകൻ അറാഫത്തും ചേർന്ന് വൈറ്റിലയിൽ ഒരുമിച്ച് വീടെടുത്ത് താമസിച്ചിരുന്നു. ശ്യാമും ദിലീഷും കൂടി എഴുതി ഞാൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ അന്നൊക്കെ സ്വ‌പ്നം കണ്ടിരുന്നു. എനിക്ക് അന്ന് ആക്ഷൻ ത്രില്ലറുകളോടായിരുന്നു പ്രിയം.

ഹ്യൂമറാണ് നന്നായി ചെയ്യാനാകുക എന്ന് ദിലീഷ് നായരാണ് ഉപദേശിച്ചത്. ‘മഹേഷിന്റെ പ്രതികാരത്തിന്’ മുമ്പ് ഞങ്ങൾ പല ഐഡിയകളിൽ വർക്കു ചെയ്തു. തൊണ്ടിമുതലിന്റെ നിർമാതാവായ സന്ദീപ് സേനനുവേണ്ടി ഒരു സിനിമ ചെയ്യാനും തീരുമാനിച്ചു. പക്ഷേ, എഴുതി പൂർത്തിയായപ്പോൾ അതിൽ പൂർണ ആത്മവിശ്വാസം തോന്നിയില്ല. അത് മാറ്റിവെച്ചു. സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പേ ഷോർട്ട് ഫിലിം സംവിധാനം ചെയ്യണം എന്ന് തീരുമാനിച്ചു.

ഇടുക്കി ഗോൾഡിൻറെ ഷൂട്ട് നടക്കുന്ന സമയത്ത് ഒരുദിവസം രാത്രി ഞാനും ശ്യാമും കൂടി സംസാരിച്ചുനിൽക്കുമ്പോൾ ഹ്രസ്വചിത്രം ചെയ്യാനുള്ള ആഗ്രഹം അവനോട് പറഞ്ഞു. അപ്പോൾ ശ്യാം നാട്ടിൽ നടന്ന ചെറിയൊരു സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചു. അതിഷ്ടപ്പെടുകയും അതൊരു ഹ്രസ്വചിത്രമാക്കാമെന്ന് തീരുമാനിക്കുകയും ചെയ്‌തു.

അങ്ങനെ ആലോചിച്ചുതുടങ്ങി, പിറ്റേദിവസമായപ്പോഴേക്കും അതൊരു സിനിമയായി വളർന്നു. എഴുതി പൂർത്തിയായ സമയത്ത് ശ്യാം അത് ആഷിഖേട്ടനോട് (ആഷിഖ് അബു) സൂചിപ്പിച്ചു. കഥകേട്ട ആഷിഖേട്ടൻ എന്നെ വിളിച്ചു, സംഭവം കൊള്ളാമെന്നും ഞാൻ നിർമിക്കാമെന്നും പറഞ്ഞു. അങ്ങനെ മഹേഷിന്റെ പ്രതികാരം പ്രോജക്ടായി മാറി,’ദിലീഷ് പോത്തൻ പറയുന്നു.

Content Highlight: Dileesh Pothan About Making Of Maheshinte prathikaram

We use cookies to give you the best possible experience. Learn more