| Sunday, 23rd January 2022, 4:55 pm

അഭിനയം റിയലാകാന്‍ ഇതാണ് ബെസ്റ്റ്; സംവിധാന രീതിയെ കുറിച്ച് തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ പുത്തന്‍ സിനിമാ വഴികളില്‍ പ്രധാന പങ്കുവഹിച്ചയാളാണ് സംവിധായകനും നടനും നിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍. ആദ്യ ചിത്രത്തിലൂടെ സംവിധായകനെന്ന നിലയില്‍ മലയാള സിനിമാലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച ദിലീഷ് പോത്തന്‍ പിന്നീടുള്ള ചിത്രങ്ങളിലും മലയാളികളെ അത്ഭുതപ്പെടുത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ തലത്തില്‍ തന്നെ ദിലീഷ് ശ്രദ്ധ നേടിക്കഴിഞ്ഞു. റിയലിസ്റ്റിക് സിനിമകളുടെ വക്താവായി കൂടിയാണ് പ്രേക്ഷകര്‍ ദിലീഷിനെ നോക്കിക്കാണുന്നത്.

എന്നാല്‍ എല്ലാതരം സിനിമകളും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ദിലീഷ് പറയുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നതുകൊണ്ട് റിയലിസ്റ്റിക് സിനിമകള്‍ ചെയ്തുവെന്നു മാത്രം. എനിക്കിഷ്ടപ്പെട്ടവയാണ് ഞാന്‍ ചെയ്യുന്നതെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പറഞ്ഞു.

‘ഷൂട്ടിങ്ങിന്റെ അടുത്തെത്തിയശേഷം തൃപ്തി പോരാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച സിനിമകള്‍പോലുമുണ്ട്. ഓരോ സിനിമയും ഓരോ ശ്രമങ്ങളാണ്. ചില ശ്രമങ്ങള്‍ വിജയിക്കും, ചിലത് പരാജയപ്പെടും. ശ്രമിക്കുക എന്നതാണ് എന്റെ പോളിസി. പരാജയത്തില്‍നിന്ന് ഒളിച്ചോടാനായിരുന്നെങ്കില്‍ പണ്ടേ ഒളിച്ചോടേണ്ടയാളാണ് ഞാന്‍,’ ദിലീഷ് പറഞ്ഞു.

ചെയ്യാന്‍കഴിയുന്ന സിനിമയാണെന്ന് തോന്നിയാല്‍ ഏതു ചിത്രവും ചെയ്യും. ചില ടൈപ്പുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു പിടിവാശിയുമില്ലെന്നും ദിലീഷ് തുറന്നുപറഞ്ഞു.

സംവിധാനത്തിലെ തന്റെ രീതികളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. താരങ്ങള്‍ക്ക് മുന്‍കൂട്ടി സീന്‍ വായിക്കാന്‍ നല്‍കാറില്ല. അവര്‍ക്ക് ഡയലോഗ് പറഞ്ഞുകൊടുക്കുകയും സാഹചര്യം വിവരിക്കുകയുമാണ് ചെയ്യുന്നത്. അഭിനയം കൂടുതല്‍ സ്വാഭാവികമാകാന്‍ ഇതാണ് ഏറ്റവും മികച്ച മാര്‍ഗമെന്നും ദിലീഷ് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ നിര്‍മാതാവായെത്തുന്ന പുതിയ ചിത്രമായ ഭാവനയുടെ പണിപ്പുരയിലാണ് അദ്ദേഹം. പുതിയ സംവിധായകനാണ് സിനിമ ചെയ്യുന്നതെന്നും നവാഗതര്‍ക്ക് അവസരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ദിലീഷ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയെന്നും ദിലീഷ് പോത്തന്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dileesh Pothan about his direction techniques and movies

We use cookies to give you the best possible experience. Learn more