മമ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് പടം ചെയ്യാത്തതിനുള്ള കാരണത്തെക്കിറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ. താൻ കഴിഞ്ഞ പടം മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോൾ സെറ്റിൽ വെച്ച് അദ്ദേഹം തന്നെ കാണുമ്പോഴെല്ലാം വല്ലതും നടക്കുമോയെന്ന് ചോദിക്കുമെന്ന് ദിലീഷ് പോത്തൻ പറഞ്ഞു.
ഞാൻ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ആലോചിച്ചിട്ട് കാര്യമില്ലെന്നും ഇരുന്ന് ആലോചിക്കണമെന്നുമാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് ദിലീഷ് കൂട്ടിച്ചേർത്തു. ഒരു നല്ല പരിപാടി വന്നു വീഴാഞ്ഞിട്ടാണെന്നും അവരെ വെച്ച് ചെയ്യുമ്പോൾ അത്രയും എക്സൈറ്റ് ചെയ്യിപ്പിക്കണമെന്നും ദിലീഷ് പറയുന്നുണ്ട്.
പത്ത് പടങ്ങൾ ചെയ്ത ആളുകളെ എക്സൈറ്റ് ചെയ്യിപ്പിക്കാമെന്നും നൂറും ഇരുനൂറും പടം ചെയ്ത ആളുകളെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് നിസാരമായിട്ടുള്ള കാര്യമല്ലെന്നും ദിലീഷ് പോത്തൻ പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ പടം മമ്മൂക്കയുടെ കൂടെ ചെയ്തിട്ടുള്ളൂ. സെറ്റിൽ വെച്ച് മമ്മൂക്ക എന്നെ കാണുമ്പോഴൊക്കെ ചോദിക്കും വല്ലതും നടക്കുമോ എന്ന്. ഞാൻ ആലോചിക്കുന്നുണ്ട് എന്ന് പറയും. അങ്ങനെ ആലോചിച്ചാലൊന്നും നടക്കില്ല, ഇരുന്ന് ആലോചിക്കണം എന്ന് പറയും. ഒരു നല്ല പരിപാടി വന്നു വീഴാഞ്ഞിട്ടാണ്.
അവരെ വെച്ച് പടം ചെയ്യുമ്പോൾ അത്രയും എക്സൈറ്റിങ് ആയിരിക്കണം. ഒരു സിനിമയോട് നമുക്ക് തോന്നുന്ന അഭിനിവേശമാണ് ബാക്കിയെല്ലാം. അങ്ങനെ ഒരു വിഷയത്തിലേക്ക് എത്തുകയും അതിൽ നല്ലൊരു ക്യാരക്ടർ അവർക്ക് കൊടുക്കുകയും വേണം. ചെറിയൊരു വേഷം എന്നല്ല, അവർക്കും ആ ഒരു ക്യാരക്ടർ എക്സൈറ്റിങ് ആയിരിക്കണമല്ലോ.
എത്രയോ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ആക്ടർസ് ആണ്. അവരെ വെച്ച് എന്തെങ്കിലും ഉണ്ടാക്കാം എന്ന് പറഞ്ഞാൽ എളുപ്പം അല്ല. 10 പടം ചെയ്യുകയാണെങ്കിൽ നമുക്ക് എക്സൈറ്റ് ചെയ്യിപ്പിക്കാം, നൂറും ഇരുന്നൂറും ചെയ്ത ആൾക്കാരെ നമ്മൾ എങ്ങനെയാണ് എക്സൈറ്റ് ചെയ്യിപ്പിക്കുക. അത് അത്ര നിസാരമല്ല എന്നാണ് ഞാൻ പറഞ്ഞത്,’ ദിലീഷ് പോത്തൻ പറഞ്ഞു.
Content Highlight: Dileesh Pothan about filming with Mammootty