|

വ്യക്തിപരമായി റിവ്യൂവിനെ ഭയപ്പെടുന്ന ഒരാളല്ല ഞാൻ; അവർക്ക് സിനിമയെ തകർക്കാൻ പറ്റില്ല: ദിലീഷ് പോത്തൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിവ്യൂവിനെ വ്യക്തിപരമായി ഭയപ്പെടുന്ന ഒരാളല്ല താനെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. റിവ്യൂ ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താൻ റിവ്യൂകൾ കാണാറുണ്ടെന്നും ദിലീഷ് പറഞ്ഞു. എന്നാൽ ഒരു നല്ല സിനിമയെ കൊള്ളില്ലെന്ന് പറയുന്നതിലൂടെ ആ സിനിമയെ പൂർണമായി തകർക്കാൻ കഴിയില്ലെന്ന് ദിലീഷ് പറയുന്നുണ്ട്. ചിലപ്പോൾ ആ സിനിമയെ കുറച്ചൊക്കെ ബാധിക്കുമായിരിക്കും അല്ലാതെ മുഴുവനായി തകരില്ലായെന്നും പോത്തൻ കൂട്ടിച്ചേർത്തു. ദി ടാബ് ഇന്‍ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വ്യക്തിപരമായിട്ട് റിവ്യൂവിനെ ഭയപ്പെടുന്ന ഒരാളല്ല. റിവ്യൂ ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരാൾ തന്നെയാണ്. റിവ്യൂ ഞാൻ കാണാറുണ്ട്. അത് കാണുമ്പോൾ എനിക്ക് ഒരു റേറ്റിങ് ഉണ്ട്. എനിക്കിഷ്ടപ്പെടാത്ത ചില പടങ്ങൾ റിവ്യൂ ചെയ്യുന്നവർക്ക് ഇഷ്ട്ടപെടാറുണ്ട് അതുപോലെ തിരിച്ചും സംഭവിക്കാറുമുണ്ട്. ഇതൊക്കെ അടിസ്ഥാനമാക്കിയാണ് എന്റെ ടേസ്റ്റും ഇയാളുടെ ടേസ്റ്റുമായിട്ട് എത്രമാത്രം അടുപ്പം ഉണ്ടെന്ന് ഞാൻ വിലയിരുത്തുന്നത്.

ആര് എന്ത് മോശമാണെന്ന് പറഞ്ഞാലും നല്ലൊരു പ്രോഡക്റ്റിനെ വെട്ടി വീഴ്ത്താൻ ഒന്നും പറ്റില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമുക്ക് കുറച്ചുദിവസത്തേക്ക് തെറ്റിദ്ധാരണ വേണമെങ്കിൽ ഉണ്ടാക്കാം. ബ്ലാക്ക് മെയ്ലിങ്ങിന്, വ്യക്തിപരമായ റിവഞ്ച് ചെയ്തു തീർക്കാനോ ഒരു സിനിമ മോശമാണെന്ന പ്രൊപ്പഗണ്ട അടിച്ചു ഇറക്കിയാൽ പോലും കുറച്ചൊക്കെ കുറക്കാൻ പറ്റുമായിരിക്കും, മുഴുവനായും തകർക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.

അതുപോലെതന്നെ തിരിച്ചും, ഒരു മോശം സിനിമയെ എത്ര പേര് നല്ലതാണെന്ന് പറഞ്ഞാലും ഇന്നുവരെ അങ്ങനെ വിജയിച്ച ഒരു ചരിത്രമില്ല. ചിലപ്പോൾ ചെറുതായിട്ടൊന്നു ലിഫ്റ്റ് ചെയ്യാൻ പറ്റിയേക്കാം.

പല രീതിയിലുള്ള റിവ്യൂകൾ ഉണ്ട്. മലയാളത്തിൽ റിവ്യൂ ചെയ്യുന്ന 10 ആളുകളുടെ പേരെടുത്ത് അവർ ചെയ്യുന്ന റിവ്യൂവിനെ കുറിച്ച് മാത്രമല്ല നമ്മൾ പരാമർശിക്കേണ്ടത്. പത്ത് പ്രൊഫഷണൽ ആയിട്ട് റിവ്യൂ ചെയ്യുന്ന ആളുകളെക്കാൾ സ്വാധീനം വ്യക്തിപരമായി പറയുന്ന അഭിപ്രായങ്ങളാണ്. ഇപ്പോഴത്തെ ഒരു ട്രെൻഡ് അനുസരിച്ച് വെള്ളിയാഴ്ച ഒരു പടം റിലീസ് ആയി, റിവ്യൂ ഒന്നുമല്ല അന്ന് വൈകുന്നേരം ശനിയാഴ്ച ബുക്കിങ് സ്റ്റാറ്റസ് നോക്കിയാൽ നമുക്കറിയാം ആളുകൾ എത്രമാത്രം മൗത്ത് പബ്ലിസിറ്റി സെറ്റായിട്ടുണ്ട് എന്ന്,’ ദിലീഷ് പോത്തൻ പറഞ്ഞു.

Content Highlight: Dileesh pothan about film review

Latest Stories