ബട്ടര്‍ഫ്‌ളൈ എഫക്ടിനെക്കുറിച്ചൊന്നും ആ സമയത്ത് കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല: ദിലീഷ് പോത്തന്‍
Entertainment
ബട്ടര്‍ഫ്‌ളൈ എഫക്ടിനെക്കുറിച്ചൊന്നും ആ സമയത്ത് കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 7:47 pm

മലയാളസിനിമയില്‍ മാറ്റത്തിന് വഴിതെളിച്ച ചിത്രങ്ങളിലൊന്നാണ് മഹേഷിന്റെ പ്രതികാരം. കേരളത്തിലെ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന കാര്യങ്ങള്‍ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രത്തെ പലരും മലയാളത്തിലെ ആദ്യത്തെ പ്രകൃതി പടം എന്നാണ് വിശേഷിപ്പിക്കുന്നത്. ഫഹദ് ഫാസിലിനെക്കൂടാതെ ഒരുപിടി പുതുമുഖങ്ങള്‍ ഒന്നിച്ച ചിത്രം വലിയ വിജയമായി മാറി.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീനുകളിലൊന്നായ മഹേഷിനെ തല്ലുന്ന സീന്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. റോബസ്റ്റ പഴം കൊള്ളാം എന്ന മഹേഷിന്റെ ഡയലോഗില്‍ തുടങ്ങുന്ന പ്രശ്‌നം ചെന്നെത്തിയത് മഹേഷിന് നടുറോഡില്‍ വെച്ച് തല്ലുകിട്ടുന്നിടത്താണ്. ബട്ടര്‍ഫ്‌ളൈ എഫക്ടിന്റെ മനോഹരമായ അവതരണമാണ് ആ സീനെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ആ സീന്‍ എഴുതുന്ന സമയത്തോ ചിത്രീകരിക്കുന്ന സമയത്തോ ബട്ടര്‍ഫ്‌ളൈ എഫക്ടിനെക്കുറിച്ച് താന്‍ കേട്ടിട്ടു പോലുമില്ലായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന കാര്യത്തില്‍ അവിടത്തെ ആളുകള്‍ എങ്ങനെയൊക്കെയാകും പ്രതികരിക്കുകയെന്ന് കാണിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂവെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. റേഡിയോ മിര്‍ച്ചിയോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘ആ സീന്‍ എഴുതുന്ന സമയത്തോ, ഷൂട്ട് ചെയ്യുന്ന സമയത്തോ ബട്ടര്‍ഫ്‌ളൈ എഫക്ടിനെക്കുറിച്ച് ഞങ്ങളാരും കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല. പലരും ഇപ്പോള്‍ പറയുന്നത് കേള്‍ക്കാം, ആ സീന്‍ ബട്ടര്‍ഫ്‌ളൈ എഫക്ടിന്റെ എക്‌സാമ്പിളാണെന്ന്. ഞങ്ങള്‍ ആ സമയത്ത് ഉദ്ദേശിച്ചത് ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന അടിയില്‍ അവിടത്തെ സൊസൈറ്റിക്കുള്ള ഇംപോര്‍ട്ടന്‍സ് എന്താണെന്ന് കാണിക്കുക എന്ന് മാത്രമേയുള്ളൂ.

ഈ പറഞ്ഞ എഫക്ടിന്റെ ഫിസിക്‌സൊന്നും ആ സമയത്ത് മനസില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ചെയ്യണമെന്ന് ഉദ്ദേശിച്ച് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന ഇംപാക്ടൊന്നും കിട്ടില്ലായിരുന്നു. ആ ചെയിന്‍ ഓഫ് ഇവന്റ്‌സെല്ലാം ഓര്‍ഗാനിക്കായി ഉണ്ടായതാണ്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഇത് ബട്ടര്‍ഫ്‌ളൈ എഫക്ടാണെന്ന് പലരും പറഞ്ഞപ്പോളാണ് ഞങ്ങള്‍ക്കും ആ കാര്യം മനസിലായത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan about butterfly effect scene in Maheshinte Prathikaram