തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായ ദിലീഷ് പോത്തൻ ആദ്യമായി ഒരുക്കിയ ചിത്രം മഹേഷിന്റെ പ്രതികാരമായിരുന്നു.
തന്റെ വ്യത്യസ്തമായ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ. വെറും മൂന്ന് ചിത്രങ്ങളിലൂടെ മലയാളത്തിലെ മികച്ച സംവിധായകനായ ദിലീഷ് പോത്തൻ ആദ്യമായി ഒരുക്കിയ ചിത്രം മഹേഷിന്റെ പ്രതികാരമായിരുന്നു.
ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി. സംവിധാനത്തിന് മുമ്പ് തന്നെ ചെറിയ കഥാപാത്രങ്ങളായി ദിലീഷ് പോത്തൻ ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്.
‘മഹേഷിന്റെ പ്രതികാരം’ ചെയ്യുമ്പോൾ ഒരു കൊമേർഷ്യൽ സിനിമ ചെയ്യാനാണ് താൻ ശ്രമിച്ചതെന്നും എന്നാൽ അതിന് അവാർഡ് ലഭിച്ചപ്പോൾ ഒരു പ്രോത്സാഹനമായിരുന്നുവെന്നും ദിലീഷ് പോത്തൻ പറയുന്നു. കലയെ പുരസ്കാരത്തിന്റെ പേരിൽ വിലയിരുത്തേണ്ടതില്ലെന്നും കുറച്ചുകാലം ജഡ്ജായി പോയപ്പോൾ അത് വലിയ മാനസിക സമ്മർദം ഉണ്ടാക്കിയിരുന്നുവെന്നും ദിലീഷ് പറഞ്ഞു. കലയെ ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹേഷിന്റെ പ്രതികാരത്തിന് പുരസ്‌കാരം കിട്ടുന്ന ദിവസംവരെ അത്തരമൊരു അവാർഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം ഒരു കൊമേർഷ്യൽ സിനിമ ചെയ്യാനാണ് അന്ന് ശ്രമിച്ചത്. അംഗീകാരം കിട്ടിയപ്പോൾ പ്രോത്സാഹനമായി. പിന്നെ എന്റെ കാഴ്‌ചപ്പാടിൽ കലയെ പുരസ്കാരത്തിന്റെ പേരിൽ വിലയിരുത്തേണ്ടതില്ല.
കാലടിയിൽ പഠിക്കുന്ന സമയത്ത് ഞാൻ സിനിമയിൽ പ്രവർത്തിക്കുന്ന കാര്യമൊക്കെ എല്ലാവർക്കും അറിയാം. എം.എ. പൂർത്തിയാകാറായപ്പോൾ സിനിമ, നാടക പരിചയങ്ങൾവെച്ച് പലസ്ഥലത്തുനിന്ന് കലോത്സവ നാടകമത്സരങ്ങൾക്ക് ജഡ്‌ജായി ക്ഷണിച്ചു. സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ടുള്ള കാലമായതിനാൽ എന്നെ സംബന്ധിച്ച് അതൊരു ചെറിയ വരുമാനമാർഗം കൂടിയായി.
കുറച്ചുകാലം ജഡ്ജായി പോയപ്പോൾ എനിക്കത് വലിയ മാനസികസമ്മർദം ഉണ്ടാക്കി. അതോടെ ആ പരിപാടി നിർത്തി. പിന്നീട് ഇതുവരെ ഒരു ജൂറിയോ ജഡ്‌ജോ ആയി എവിടെയും പോയിട്ടില്ല. പോയ വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിർണയം, ഐ.എഫ്.എഫ്.ഐ. തുടങ്ങി പ്രമുഖ ഇടങ്ങളിൽ ജൂറിയായി ക്ഷണിച്ചിരുന്നു. എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായി. കലയെ എങ്ങനെ താരതമ്യം ചെയ്യും എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് ആശയക്കുഴപ്പമുണ്ട്.
വിലയിരുത്തുമ്പോൾ എപ്പോഴും ജൂറിയുടെ വ്യക്തിപരമായ കാഴ്ചപ്പാട്, താത്പര്യങ്ങൾ എന്നിവ അതിനെ സ്വാധീനിക്കും. സ്പോർട്സിൽ ഒരു വിജയിയെ കണ്ടെത്തുന്നതു പോലെ ഒരിക്കലും ആർട്ടിൽ വിജയിയെ കണ്ടെത്താനാവില്ല,’ദിലീഷ് പോത്തൻ പറയുന്നു.
Content Highlight: Dileesh Pothan About Awards For Art