ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ടീമുകള്‍. ഏറെ പ്രതീക്ഷകളുമായാണ് എല്ലാ ടീമുകളും ലോകകപ്പിന് ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമും ഒരുപാട് പ്രതീക്ഷകളുമായാണ് ലോകകപ്പിനെത്തുക.
ഐ.പി.എല്ലിന് ശേഷം കളിച്ച ഓരോ പരമ്പരയിലും വ്യത്യസ്ത പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ടീം നടത്തിയിരുന്നു. പരമ്പരയിലെല്ലാം ഇന്ത്യക്ക് നേട്ടമുണ്ടാകുകയും ചെയ്തിരുന്നു. അതുകഴിഞ്ഞ് ഏഷ്യാ കപ്പിലെത്തിയ ഇന്ത്യക്ക് തിരിച്ചടിയായിരുന്നു ഫലം.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരം തോറ്റ് മൂന്നാമത് ഫിനിഷ് ചെയ്യാനായിരുന്നു ഇന്ത്യയുടെ വിധി. ഇതോടെ മറ്റൊരു പ്രധാന ടൂര്‍ണമെന്റില്‍ കൂടെ ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം സെലക്ട് ചെയ്തിരുന്നു. ഒരുപാട് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ടീമില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നിലവാരത്തിലുള്ള ടീമിനെ ലോകകപ്പിന് വിട്ടാല്‍ തോല്‍വിയായിരിക്കും ഫലമെന്നാണ് അവരുടെ വാദം.
ടീമില്‍ സഞ്ജുവിനെയും മുഹമ്മദ് ഷമിയേയും ഉള്‍പ്പെടുത്താത്തതിലായിരുന്നു ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധിച്ചത്. ഒരുപാട് മുന്‍ താരങ്ങളും സമാനമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരവും നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദിലീപ് വെങ്ക്‌സര്‍ക്കാര്‍ ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താവുന്ന താരങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
പേസ് ബൗളര്‍ മുഹമ്മദ് ഷമി മുന്‍ ക്ലാസിക്ക് ബാറ്ററായ ശുഭ്മാന്‍ ഗില്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെയാണ് അദ്ദേഹം സജസ്റ്റ് ചെയ്തത്.
‘ടി-20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്ക്, ശുഭ്മാന്‍ ഗില്‍ എന്നിവരെ തെരഞ്ഞെടുക്കുമായിരുന്നു. അവര്‍ക്കെല്ലാം മികച്ച ഐ.പി.എല്‍ സീസണ്‍ ഉണ്ടായിരുന്നു, അതിനാല്‍ ഞാന്‍ അവര്‍ക്ക് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കുറേ അവസരങ്ങള്‍ നല്‍കും,’ വെങ്ക്‌സര്‍ക്കാര്‍ പറഞ്ഞു.
ബാറ്റര്‍മാര്‍ എവിടെയാണ് കളിക്കുന്നതെന്നൊന്നും തനിക്ക് പറയാന്‍ സാധിക്കില്ലെന്നും അതൊക്കെ നായകനും കോച്ചുമൊക്കെയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
‘ആരാണ് ഏത് നമ്പറില്‍ കളിക്കുന്നതെന്ന് എനിക്ക് ശരിക്കും പറയാന്‍ കഴിയില്ല.കോച്ച്, ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവരാണ് ആ തീരുമാനമെടുക്കേണ്ടത്. എന്നിരുന്നാലും, നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സൂര്യകുമാര്‍ യാദവിന് അഞ്ചാമനായും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഒരു മികച്ച ഫിനിഷറാകാനുള്ള കഴിവുണ്ട്,’ വെങ്ക്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.