| Saturday, 29th January 2022, 9:44 pm

വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനുമായുള്ള ഡീല്‍ നടക്കുമ്പോള്‍ ദിലീപ് ഉപയോഗിച്ചത് കാവ്യയുടെ ഫോണ്‍, അതും പരിശോധിക്കണം: ബാലചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനെ കാണാന്‍ പോയപ്പോഴും കാവ്യയുടെ ഫോണാണ് ദിലീപ് ഉപയോഗിച്ചിരുന്നതെന്ന് ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖനെ കാണാന്‍ പോകുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. വേങ്ങര ഡീല്‍ നടന്നതും സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെയാണ്, 2017 സെപ്തംബര്‍ മാസത്തില്‍. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികവും ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉപയോഗിച്ച ഫോണ്‍ കിട്ടിയാല്‍ അതില്‍ നിന്ന് ഒരുപാട് വിവരങ്ങള്‍ ലഭിക്കും,’ അദ്ദേഹം പറഞ്ഞു.

കേസില്‍ നിര്‍ണായകമായ ഫോണുകള്‍ ഏത് കാലഘട്ടത്തില്‍ ഉപയോഗിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇപ്പോള്‍ എല്ലാവരും ദിലീപിന്റെ ഫോണിന്റെ പിന്നാലെയാണെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

”ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ഫോണിന്റെയും അനുജന്റെയും ഫോണിന്റെ പിന്നാലെയാണ് ക്രൈംബ്രാഞ്ചിപ്പോള്‍. കാവ്യയുടെ ഫോണും ഒരുപാട് കാലം ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. ഈ ഫോണിന്റെ വിവരങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതുകൊണ്ട് ഏതെങ്കിലും ഏഴ് ഫോണുകള്‍ പരിശോധിച്ചത് കൊണ്ട് കാര്യമില്ല. ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തണം, കാലഘട്ടം പ്രധാനപ്പെട്ടതാണ്,” അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.

ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ മുംബൈയില്‍ ആണ് ഉള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.

മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.


Content Highlights: Dileep used Kavya’s phone during the deal with a political leader in Vengara, check that too: Balachandrakumar

We use cookies to give you the best possible experience. Learn more