കോഴിക്കോട്: ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യാതിഥിയായി നടന്‍ ദിലീപിനെ ക്ഷണിക്കുകയും നഗരസഭയുടെ ഓദ്യോഗിക ലോഗോ ദിലീപിനെ കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കുകയും ചെയ്തത് വിവാദമാകുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാവുകയും കേസില്‍ വീണ്ടും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തില്‍ പേര് വന്ന ശേഷം നടന്‍ ദിലീപ് ആദ്യമായി പങ്കെടുത്ത ഔദ്യോഗിക പൊതു പരിപാടിയാണ് നഗരസഭയുടെ ലോഗോ പ്രകാശനം. ആലുവ നഗരസഭയുടെ ക്ഷണപ്രകാരമായിരുന്നു ദിലീപ് പരിപാടിക്കെത്തിയത്.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള നഗരസഭകളില്‍ ഒന്നാണ് ആലുവ നഗരസഭ. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ജെബി മേത്തറാണ് നിലവില്‍ ആലുവ നഗരസഭയുടെ വൈസ് പ്രസിഡന്റ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ഒരാളെ ഇത്തരമൊരു പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമത്തോട് കോണ്‍ഗ്രസ് നിലപാട് എന്തെന്നും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് എന്തെന്നും വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രതികരിക്കുന്നത്.
നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്നും അതിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നുമായിരുന്നു അന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ദിലീപ് പറഞ്ഞത്.
അതേസമയം, പുതിയ വനിത മാഗസിന്റെ കവറില്‍ ദിലീപിനേയും കുടുംബത്തേയും ഉള്‍പ്പെടുത്തിയതിലും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
‘വഴികാട്ടിയാണ്, സുഹൃത്താണ്, ആരുടെ വനിതകളുടെ…! ഇത്തരം ഐറണികള്‍ ഇനി സ്വപ്നത്തില്‍ മാത്രം,’ എന്നാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ലൈംഗികമായി ഒരു സ്ത്രീയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട, ആ കേസില്‍ ജയിലില്‍ കിടന്ന, ഇപ്പോഴും വിചാരണ നേരിടുന്ന ഒരാള്‍ സമൂഹത്തില്‍ ഇന്നും ആഘോഷിക്കപ്പെടുന്നതിനെതിരെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കിക്കൊണ്ടുള്ള സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിട്ടുണ്ട്. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൊലീസ് വേഗത്തിലാക്കിയിട്ടുണ്ട്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.
തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈല്‍ഫോണ്‍ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്തബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സുനിയെയും ദിലീപിനെയും ചോദ്യംചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യംചെയ്യാനായി പൊലീസ് സംഘം ആദ്യം കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനുശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക. അതിനിടെ, തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും സാധ്യതയുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
അതേസമയം, ദിലീപിനും സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് പള്‍സര്‍ സുനിയുടേതെന്ന് പറയപ്പെടുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.