കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി ഹൈക്കോടതി. 12 സാക്ഷികളെ വിസ്‌തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്.
മുന്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷികളെ രണ്ടാമത് വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി മൊഴികള്‍ ഉണ്ടാക്കാനാണോ നീക്കമെന്നും സംശയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
വിചാരണ കോടതിക്കെതിരായ ഹരജി പരിഗണിക്കുന്നതി നിടെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതി തേടിയിരുന്നത്. ഇതില്‍ ഏഴ് പേരും നേരത്തെ തന്നെ മൊഴി രേഖപ്പെടുത്തിയിരുന്നവരാണ്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ഒമ്പത് പേരില്‍ നിന്ന് പുതുതായി വിവരങ്ങള്‍ തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞിരുന്നു.