കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിചാരണയ്ക്ക് ഹാജരായ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ മൊഴിയില്‍ ഉറച്ചുനിന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചിരുന്നതായാണ് പൊലീസിന് കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെ ആയിരുന്നു ചാക്കോച്ചന്‍ മൊഴി നല്‍കിയത്. നേരത്തെ പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നിരുന്നു.
നടന്‍ കുഞ്ചാക്കോ ബോബന്‍ 2017 ല്‍ നല്‍കിയ മൊഴി
നടന്‍ ദിലീപ് എന്റെ സുഹൃത്താണ്. സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ് അദ്ദേഹം. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണു ദിലീപ് ട്രഷറര്‍ ആയത്.
അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെ കാലത്തിനു ശേഷം അഭിനയിച്ച ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയില്‍ ഞാനായിരുന്നു നായകന്‍.
മോഹന്‍ലാല്‍ നായകനായ സിനിമയിലാണു മഞ്ജു വാര്യര്‍ തിരികെ വരുന്നത് എന്നാണ് അന്നു പറഞ്ഞു കേട്ടത്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്.
ആ സിനിമ ഞാന്‍ കമ്മിറ്റ് ചെയ്തശേഷം ഒരു ദിവസം രാത്രി വൈകി ദിലീപ് എന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. സംസാരത്തില്‍നിന്നും ഞാന്‍ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്നു തീര്‍ച്ചയാണ്. ‘കസിന്‍സ്’ എന്ന സിനിമയില്‍നിന്നും നടിയെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.
നേരത്തെ കേസില്‍ നടി ബിന്ദു പണിക്കറും ഇടവേള ബാബുവും കൂറുമാറിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നത്.
ഈ കുറ്റപത്രം കോടതി അംഗീകരിച്ച ശേഷം നടന്ന വിചാരണ ഘട്ടത്തിലാണ് ദിലീപ്, തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കൊപ്പം നിന്ന് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകം പരിഗണിച്ച് അതില്‍ പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസിനൊപ്പം ഇതില്‍ വിചാരണ നടത്തരുതെന്നും ഇത് രണ്ടും രണ്ടായി പരിഗണിച്ച് വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം.
എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇത് രണ്ടും രണ്ടല്ലെന്നും ഒറ്റസംഭവത്തിന്റെ തുടര്‍ച്ച മാത്രമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
പണത്തിന് വേണ്ടി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി എന്ന കാര്യം കുറ്റപത്രത്തില്‍ വന്നത് പ്രോസിക്യൂഷന് സംഭവിച്ച പിഴവാണെന്നും അത് തിരുത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഈ വാദം പരിഗണിച്ചാണ് ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. അതേസമയം കേസിന്റെ വിചാരണ നപടികള്‍ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്.