| Thursday, 31st March 2022, 8:57 pm

നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്ക്; ദിലീപ് സംഘടനയില്‍ നിന്ന് മാറി നില്‍ക്കേണ്ട: ഫിയോക് പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്കാണെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനില്‍ക്കുന്നവര്‍ക്ക് തോന്നണമെന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

‘അന്വേഷണ സംഘം പല കേസുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാറുണ്ട്. എന്നാല്‍ പുറത്തുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. ഫിയോക് ചെയര്‍മാനായ ദിലീപിനോട് സംഘടനയില്‍ നിന്ന് മാറി നില്‍ക്കാന്‍ അംഗങ്ങളില്‍ ഒരാള്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. ദിലീപിനെ മാറ്റി നിര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് ഫിയോക്കിന്റെ വിലയിരുത്തല്‍.

അമ്മ സംഘടന ദിലീപിനെ മാറ്റി നിര്‍ത്തിയത് മര്യാദയാണോ അപമര്യാദയാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. താരസംഘടന ചെയ്യുന്നതെല്ലാം ഫിയോക് ചെയ്യണമെന്നില്ല.

ഫിയോക്കിന് ഫിയോക്കിന്റേതായ ലക്ഷ്യങ്ങളും ലക്ഷ്യബോധവുമുണ്ട്. ഫിയോക് ഫിയോക്കിന്റേതായ രീതിയില്‍ പോകും. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട ഒരു കേസല്ല അത്. അതുകൊണ്ട് തന്നെ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ഞങ്ങളാരും ആവശ്യപ്പെടുകയില്ല.

ദിലീപ് മാറി നില്‍ക്കണമെന്ന് പറയേണ്ട കാര്യമെന്താണ്? എനിക്ക് തന്നെ വ്യക്തിപരമായി എത്രയോ കേസുകളുണ്ട്. ഇവിടെയുള്ള ഓഫീസ് ബെയറേഴ്സിന് എന്തെല്ലാം കേസുകള്‍ നടക്കുന്നു. അവരെയെല്ലാം പിടിച്ച് സംഘടനയില്‍ നിന്ന് രാജിവെക്കണമെന്ന് പറയാന്‍ പറ്റുമോ? മാറി നില്‍ക്കണമെന്ന് പറയാന്‍ പറ്റുമോ? പറ്റില്ല,’ വിജയകുമാര്‍ പറഞ്ഞു.

അതേസമയം, നടിക്കെതിരെയുള്ള ലൈംഗികാതിക്രമം ലഘൂകരിച്ച് സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടി കെ. വിജയകുമാറിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. കേസില്‍ വിചാരണ നടക്കുന്നതിനിടയില്‍ ഇത്തരത്തിലൊരു പരാമര്‍ശമ ഫിയോക് പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

Content Highlights:  Dileep should not stay away from the organization: FEUOK President

We use cookies to give you the best possible experience. Learn more