| Monday, 10th January 2022, 1:33 pm

മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍; കള്ളക്കേസെന്ന് വാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ ദിലീപ് കൈമാറിയതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പീഡന ദൃശ്യങ്ങള്‍ ലണ്ടനിലുള്ള നാലുപേരുടെ കൈയ്യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നും ബാലചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്വേഷിക്കാനാണ് പള്‍സര്‍ സുനി ജിന്‍സനെ വിളിച്ചതെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പള്‍സര്‍ സുനി സംഭാഷണത്തില്‍ പറയുന്നുണ്ട്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്ര കുമാറിനെ കണ്ടതായി പള്‍സര്‍ സുനി പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാന്‍ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്.

അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Dileep seeks anticipatory bail in HC Argument that the case is false

Latest Stories

We use cookies to give you the best possible experience. Learn more