കൊച്ചി: തന്റെ ദേഹത്ത് കൈവെച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായി പൊലീസ് എഫ്.ഐ.ആര്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ക്കെതിരയുള്ള ദിലീപിന്റെ പരാമര്‍ശങ്ങളുള്ളത്.
അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. ക്രൈം ബ്രൈഞ്ച് ആസ്ഥാനത്താണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാളെയാണ് ആലുവ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുക.
എഫ്.ഐ.ആറില്‍ പറയുന്ന പ്രകാരം ആലുവയിലെ വീട്ടില്‍ ദിലീപ് ഉള്‍പ്പെടുന്ന സംഘം സംഘടിക്കുകയും അവിടെ വെച്ച് യൂട്യൂബില്‍ റൂറല്‍ എസ്.പിയായ എ.വി. ജോര്‍ജിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അത് ഫ്രീസ് ചെയ്തതിന് ശേഷം ഇയാള്‍ ഉള്‍പ്പെടെ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ താന്‍ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ ദേഹത്ത് കൈവെച്ച എസ്.പി സുന്ദര്‍ശനന്റെ കൈ വെട്ടണമെന്നും ബൈജു പൗലോസിനെ വാഹന അപകടത്തില്‍ കൊല്ലണമെന്നും ദിലീപ് പറയുന്നതും ഇതിനായി ഒന്നരക്കോടി രൂപ ചെലവാക്കേണ്ടി വരുമെന്ന് മറ്റ് പ്രതികള്‍ പറയുന്നതും കേട്ടുവെന്നും ബാലചന്ദ്രകുമാര്‍ മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന് പറയുന്നതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഗുരുതമായ കുറ്റമാണിതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങള്‍ നിലവില്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. കേസില്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
അതേസമയം, ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാന്‍ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്.
അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.