| Wednesday, 24th April 2024, 3:27 pm

എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ പല വഴിയും നോക്കി, അതൊന്നും ഏല്‍ക്കാതായപ്പോള്‍ വേറെ വഴിയിലൂടെ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നു: ദിലീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ സിനിമാലോകത്തുള്ള ചിലര്‍ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് നടന്‍ ദിലീപ്. തന്റെ പുതിയ ചിത്രമായ പവി കെയര്‍ടേക്കറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ഓരോ സിനിമകള്‍ വരുമ്പോഴും എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്നും ഇതൊക്കെ വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണെന്നും ദിലീപ് പറഞ്ഞു.

തന്നെ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണത്തിന്റെ പേരില്‍ വഴിയില്‍ പോകുന്ന എല്ലാവരും തന്നെപ്പറ്റി പറയുകയാണെന്നും അതിനെതിരെ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നും ദിലീപ് പറഞ്ഞു. ഇതിന്റെയെല്ലാം പിന്നില്‍
ആരാണെന്ന് കണ്ടുപിടിച്ചാല്‍ പോലും അവരുടെ പേര് പറയാന്‍ പറയാന്‍ തനിക്ക് അവകാശമില്ലെന്നു ദിലീപ് കൂട്ടിച്ചേര്‍ത്തു.

‘എന്റെ സിനിമക്കെതിരെ നടക്കുന്ന അറ്റാക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. വര്‍ഷങ്ങളായി എന്റെ സിനിമയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നവരുണ്ട്. പുതിയതായി ഏത് സിനിമ വന്നാലും ആ സമയത്ത് എന്തെങ്കിലും പൊക്കിക്കൊണ്ട് വരാറുണ്ട്. സിനിമ മാത്രമാണ് അന്നും ഇന്നും എന്റെ ലോകം. അതിനെ ഇല്ലാതാക്കാന്‍ പലരും പല വഴിയും നോക്കി. അതൊന്നും ഏല്‍ക്കാതായപ്പോഴാണ് വേറെ വഴിയിലൂടെ എന്നെ ടാര്‍ഗറ്റ് ചെയ്യുന്നത്.

അതിന് ശേഷം ഞാന്‍ നേരിട്ട പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ഈ ആരോപണത്തിന്റെ പേരില്‍ വഴിയെ പോകുന്ന എല്ലാവരും എനിക്കെതിരെ സംസാരിക്കുകയാണ്. ഇതൊക്കെ കണ്ടിട്ടും എനിക്ക് അതിനെപ്പറ്റി ഒന്നും സംസാരിക്കാന്‍ വകുപ്പില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന്റെ പിന്നില്‍ ആരാണെന്ന് ഞാന്‍ കണ്ടുപിടിച്ചാലും എനിക്ക് അതിനെപ്പറ്റി സംസാരിക്കാന്‍ കഴിയില്ല,’ ദിലീപ് പറഞ്ഞു.

Content Highlight: Dileep saying that his films were targeted by some people every time

We use cookies to give you the best possible experience. Learn more