|

സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് നില്‍ക്കുന്നത്, ഫേസ് ചെയ്യുകയെന്നല്ലാതെ എന്തു ചെയ്യാനാ: ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ മറുപടിയുമായി നടന്‍ ദിലീപ്. ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ദിലീപ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ദിലീപിന്റെ പ്രതികരണം.

‘എന്റെ അവസ്ഥ അറിയാല്ലോ, ജാമ്യത്തിലായതുകൊണ്ട് ആരെന്ത് കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ല. സിനിമയുടെ പ്രമോഷനായതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരുന്നു സംസാരിക്കുന്നത്. അല്ലാതെ മാധ്യമങ്ങളോട് എന്തെങ്കിലും സംസാരിക്കാനുള്ള അനുമതിയില്ല. അതുകൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.

സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. ഇതൊക്കെ ഫേസ് ചെയ്തുപോവുക, അല്ലാതിപ്പോള്‍ എന്തു ചെയ്യാനാ?,’ ദിലീപ് പറഞ്ഞു. പ്രേക്ഷകര്‍ കൂടെയുള്ളതുകൊണ്ട് താന്‍ ഹാപ്പിയാണെന്നും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ആലുവയില്‍ നടത്തിയ പ്രസംഗത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ദിലീപ് തയാറായില്ല. അടുത്തിടെ ആലുവയിലെ ഒരു പരിപാടിക്കിടയില്‍ താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന തനിക്കപ്പമുണ്ടാകണമെന്നും ദിലീപ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുംകഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ ആവശ്യം തള്ളുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dileep’s responde against allegations of balachandran