| Wednesday, 16th February 2022, 1:58 pm

മാധ്യമ വിചാരണ നടത്തി എനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്: മാധ്യമ വാര്‍ത്തകള്‍ക്കെതിരെയുള്ള ദിലീപിന്റെ ഹരജി മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 24ലേക്കാണ് മാറ്റിയത്. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ദിലീപ് നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.

വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയില്‍ പറയുന്നു.

അതേസമയം, കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ദിലീപിന്റെ ഹരജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ ആരോപണം. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നു. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹരജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

വധഗൂഢാലോചന കേസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണെന്നും ദിലീപ് പറഞ്ഞു.

വധഗൂഢാലോചന നടത്തി എന്നതിന് തെളിവുകളില്ലെന്നും അതുകൊണ്ട് എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

വരും ദിവസം ഹൈക്കോടതി ഹരജി പരിഗണിക്കും. അതിന് ശേഷമായിരിക്കും കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉള്‍പ്പെടെ നിലപാട് ഹൈക്കോടതി തേടുക.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജരായിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും കൂട്ടുപ്രതികളും കോടതിയെ സമീപിച്ചത്.


Content Highlights: Dileep’s plea against media reports postponed

We use cookies to give you the best possible experience. Learn more