ഒരുകാലത്ത് മലയാളസിനിമയെ നിയന്ത്രിച്ചിരുന്ന നടനായിരുന്നു ദിലീപ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏറ്റവുമധികം ഹിറ്റുകളുള്ള നടന്‍ എന്നായിരുന്നു പലരും ദിലീപിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ മലയാളസിനിമ മാറ്റത്തിന്റെ പാതയിലേക്ക് കടന്നപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാതെ പഴയ ടൈപ്പ് സിനിമകള്‍ തെരഞ്ഞെടുത്തതും നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതും താരത്തിന് തിരിച്ചടിയായി.
കൊവിഡിന് ശേഷം മലയാളസിനിമ വ്യത്യസ്തമായ കഥകള്‍ ചെയ്ത് ലോകശ്രദ്ധ നേടിയപ്പോഴും തന്റെ പഴയ ട്രാക്ക് തന്നെ തുടര്‍ന്നത് താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എടുത്തുപറയാന്‍ ഒരൊറ്റ സൂപ്പര്‍ഹിറ്റ് പോലും ദിലീപിനില്ല. കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 25 കോടി മുടക്കിയ ചിത്രം 5 കോടി പോലും കളക്ട് ചെയ്തില്ല.
2024ല്‍ മലയാള സിനിമ ബോക്‌സ് ഓഫീസില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയപ്പോള്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി വന്ന ദിലീപ് ചിത്രം തങ്കമണി ഈ വര്‍ഷത്തെ മോശം ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. 1970കളിലെ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള തിരക്കഥയും അവതരണവുമായിരുന്നു തങ്കമണിയുടേത്.
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ടേക്കര്‍ ദിലീപിന്റെ തന്നെ ഹിറ്റ് ചിത്രമായ ബോഡിഗാര്‍ഡിന്റെ വികലമായ അനുകരണമായിരുന്നു. ആളുകളെ മടുപ്പിച്ച സ്ലാപ്സ്റ്റിക് കോമഡികള്‍ നിറഞ്ഞ ചിത്രം വെക്കേഷന്‍ സമയം മുതലെടുത്ത് ബജറ്റ് തിരിച്ചുപിടിച്ചു.
എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളും ഇതുവരെ ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഏറ്റെടുത്തിട്ടില്ല. വലിയ തുകക്ക് ഏറ്റെടുക്കുന്ന സിനിമകള്‍ പോലും പ്രതീക്ഷിച്ച റീച്ച് നേടാത്തതുകൊണ്ട് മലയാളസിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും പിന്‍വാങ്ങുന്ന സമയമാണ്. ഒപ്പമിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ തിയേറ്റര്‍ ഹിറ്റിന് പുറമെ വലിയ തുകക്ക് പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിരുന്നു.
റിലീസ് ചെയ്ത് ഒമ്പത് മാസം പിന്നിട്ട ബാന്ദ്രയും, ഈ വര്‍ഷം ഫെബ്രുവരിയില്‍ റിലീസായ തങ്കമണിയും, ഏപ്രിലില്‍ റിലീസ് ചെയ്ത പവി കെയര്‍ടേക്കറും ഇത്ര കാലം കഴിഞ്ഞും ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഒരു കാലത്ത് മലയാളസിനിമയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ദിലീപിന്റെ ഇപ്പോഴത്തെ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ പോലും വേണ്ടെന്ന് വെക്കുന്ന അവസ്ഥയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
Content Highlight: Dileep’s last three movies not sold to any OTT platforms