| Thursday, 24th September 2020, 8:56 pm

സാക്ഷികള്‍ക്കെതിരായ പ്രസ്താവനക്കെതിരെ ദിലീപിന്റെ പരാതി; ആഷിഖ് അബു, പാര്‍വതിയടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന് നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയുടെ നോട്ടീസ്.

കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. സംവിധായകന്‍ ആഷിഖ് അബു നടിമാരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വതി തിരുവോത്ത്, രേവതി തുടങ്ങിയവര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ സംബന്ധിച്ച് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെന്നും നടപടി ക്രമങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും വിചാരണ കോടതി പറഞ്ഞിരുന്നെന്നും  എന്നാല്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്നുമാണ് ദിലീപിന്റെ പരാതിയില്‍ പറയുന്നത്.

ഇത് കോടതിയലക്ഷ്യമാണെന്നും പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, രേവതി, ആഷിഖ് അബു,പാര്‍വതി തുടങ്ങി നിരവധി പേര്‍ കേസിലെ സാക്ഷികളുടെ മൊഴിമാറ്റത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേസില്‍ നിന്ന് സാക്ഷികളായ സിദ്ദിഖും ഭാമയും കൂറുമാറിയിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയത്.  ഭാമയുടേയും സിദ്ദിഖിന്റേയും പോസ്റ്റുകള്‍ക്ക് താഴെ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗ് ഇട്ടുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

സിനിമാ വ്യവസായത്തിലെ ഞങ്ങളുടെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്നും അവളോടൊപ്പമുള്ളവര്‍ ഇപ്പോഴും അവളോടൊപ്പം തന്നെയുണ്ടെന്നുമായിരുന്നു രേവതി പ്രതികരിച്ചത്.

നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് ആഴത്തില്‍ വേദനിപ്പിക്കുമെന്നാണ് രമ്യ നമ്പീശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ആക്രമണംഅതിജീവിച്ചവള്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ഏറ്റവും ആവശ്യമായ സമയത്ത് തന്നെ അവര്‍ ശത്രുതാ പരമായി പെരുമാറുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നുവെന്നും. സിനിമയിലെ അധികാരസമവാക്യങ്ങളില്‍ യാതൊരു സ്ഥാനവുമില്ലാത്ത, മറ്റൊരു ഇരതന്നെയായ സ്ത്രീയും കൂറുമാറിയെന്നറിയുമ്പോള്‍ കൂടുതല്‍ വേദന തോന്നുന്നെന്നുമായിരുന്നു റിമ പറഞ്ഞത്.

തലമുതിര്‍ന്ന നടനും നായികനടിയും കൂറുമാറിയതില്‍ അതിശയമില്ലെന്നും നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നും ആഷിഖ് അബു പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് താരം പിന്‍വലിച്ചിരുന്നു. ഭാമയെയും സിദ്ദീഖിനെയും കൂടാതെ ബിന്ദു പണിക്കര്‍, ഇടവേളബാബു എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dileep’s complaint; Court issues notice to Aashiq Abu, Parvathi,Rima  and other filmmakers

We use cookies to give you the best possible experience. Learn more