കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ബുധനാഴ്ച ചോദ്യം ചെയ്യും. ഇരുവരും ഇതുവരെ ക്രൈംബ്രാഞ്ച് അയച്ച നോട്ടീസ് കൈപറ്റിയിട്ടില്ല.
നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിക്കുകയായിരുന്നു. പല തവണ ഫോണിലൂടെ ഇരുവരേയും ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് ഇരുവരുടേയും വീടുകളില്‍ നോട്ടീസ് പതിച്ചത്.
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നടപടി.
ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതും കോടതിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഇതില്‍ പീച്ചി പൊലീസും, കാസറഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യങ്ങളും പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘം വീണ്ടും കോടതിയില്‍ അറിയിക്കും.
Content Highlights: Dileep’s brother Anoop and sister’s husband Suraj will be questioned on Wednesday