2000 മുതല്‍ 2012 വരെയുള്ള കാലഘട്ടങ്ങളില്‍ ദിലീപ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങിയിരുന്നു. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ആദ്യ ചോയിസ് ദിലീപ് സിനിമകള്‍ ആയിരുന്നു. എന്നാല്‍ മലയാള സിനിമ മാറ്റത്തിന്റെ പാതയിലേക്ക് മാറിയ ശേഷം ദിലീപ് ചിത്രങ്ങള്‍ പഴയതുപോലെ സ്വീകരിക്കപ്പെട്ടിരുന്നില്ല. ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച് തിരിച്ചുവന്ന ശേഷം ബോക്‌സ് ഓഫീസില്‍ ദിലീപ് അസ്തമിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ജയില്‍വാസം കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ഒമ്പത് സിനിമകള്‍ ചെയ്ത ദിലീപിന് എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലുമില്ല. കേസിന് മുമ്പ് ഷൂട്ടിങ് തീര്‍ത്ത രാമലീലയാണ് ജയില്‍ മോചിതനായ ശേഷമുള്ള ഒരേയൊരു ഹിറ്റ്.
പിന്നീട് താരത്തിന്റേതായി വന്ന ശുഭരാത്രി, കമ്മാര സംഭവം, ജാക്ക് ആന്‍ഡ് ഡാനിയല്‍, മൈ സാന്റ എന്നീ സിനിമകള്‍ മുടക്കുമുതല്‍ പോലും തിരിച്ചുനേടാനാകാതെ തകരുകയായിരുന്നു. നാല് സിനിമകളും ബജറ്റിന്റെ പകുതി പോലും കളക്ട് ചെയ്തിരുന്നില്ല. ദിലീപിന്റെ ബോക്‌സ് ഓഫീസ് പതനം ആരംഭിക്കുന്നത് ഇവിടം മുതലാണ്.
പിന്നീട് രണ്ട് വര്‍ഷം കൊവിഡ് ലോക്ക്ഡൗണില്‍പ്പെട്ട് സിനിമാ മേഖല സ്തംഭിച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് അടുത്ത ചിത്രം റിലീസായത്. കൊവിഡ് പ്രതിസന്ധി കാരണം ഒ.ടി.ടി റിലീസായാണ് കേശു ഈ വീടിന്റെ നാഥന്‍ എത്തിയത്. പഴകിത്തേഞ്ഞ പഴയകാല തമാശകള്‍ കുത്തിക്കയറ്റി അസഹനീയമായ സിനിമാനുഭവമായിരുന്നു കേശു. അപ്പോഴും എല്ലാ സിനിമകളിലും ജനപ്രിയന്‍ എന്ന ടൈറ്റില്‍ ഉണ്ടായിരുന്നു.
വോയിസ് ഓഫ് സത്യനാഥന്‍ എന്ന ഷാഫി ചിത്രം കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ബാന്ദ്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. ഏറ്റവുമൊടുവില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ സിനിമ എന്നു പറഞ്ഞുവന്ന തങ്കമണിയുടെയും ബോക്‌സ് ഓഫീസ് നില വ്യത്യസ്തമല്ല. ഓള്‍ ടൈം ഡിസാസ്റ്റര്‍ ലെവലിലേക്ക് തങ്കമണി നീങ്ങിക്കഴിഞ്ഞു.
കഥയും മെയ്ക്കിങ്ങുമാണ് ഇന്നത്തെ കാലത്ത് ഒരു സിനിമയെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. താരത്തിന്റെ പേരിലോ ബജറ്റിന്റെ പേരിലോ ഇനിമുതല്‍ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാലം കഴിഞ്ഞു. ഇതേ രീതിയിലാണ് മുന്നോട്ടുപോക്കെങ്കില്‍ ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല.
Content Highlight: Dileep’s Box office failures after release from prison