പ്രോസിക്യൂഷന് കോടതിയില്‍ വീണ്ടും തിരിച്ചടി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം തുടരും
Kerala News
പ്രോസിക്യൂഷന് കോടതിയില്‍ വീണ്ടും തിരിച്ചടി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 5:29 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്. കേസില്‍ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഗൂഢാലോചനക്കേസ് ഉയര്‍ന്നത് എന്നതിനാല്‍ ശബ്ദ രേഖകള്‍ റെക്കോര്‍ഡ് ചെയ്ത തിയ്യതി പ്രധാനമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടില്ലെന്ന പ്രോസിക്യൂഷന്‍ വിശദീകരണം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം കോടതി തള്ളിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. 85 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപിന്റെ ഫോണില്‍ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

CONTENT HIGHLIGHTS:  Dileep’s bail will continue in the case of attack on the actress