കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 26നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.
ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഹരജിയില്‍ അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ജാമ്യം റദ്ദാക്കുന്നതിന് കോടതി അനുവദിച്ചിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തുകയും കോടതിയെ അറിയിക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് ദിലീപ് നേരത്തെ 85 ദിവസമാണ് റിമാന്റില്‍ കഴിഞ്ഞിരുന്നത്. ഹൈക്കോടതിയാണ് അന്ന് ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഹൈക്കോടതി അന്വേഷണ സംഘത്തിന് കൂടുതല്‍ സമയം അനുവദിച്ചിരുന്നു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മെയ് മുപ്പതിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡി.ജി.പി ഉറപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഏപ്രില്‍ പതിനാലിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം
Content Highlights: Dileep’s bail restriction in case of attack on actress postponed