| Sunday, 26th December 2021, 5:55 pm

'അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്': നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട 'ദിലീപിന്റെ' ശബ്ദരേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ റെക്കോഡിംഗാണിതെന്നാണ് അവകാശപ്പെടുന്നത്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് ശബ്ദരേഖ പുറത്തുവിട്ട് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ഇത് ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാന്‍ രക്ഷിച്ച് കൊണ്ടു പോയതാണ്,’ എന്നാണ് ദിലീപിന്റേത് എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ട സംഭാഷണത്തില്‍ പറയുന്നത്.

‘കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാള്‍ പറയുമ്പോള്‍ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയന്നത് റെക്കോഡിംഗിലുണ്ട്.

ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നതും ഓഡിയോയിലുണ്ട്. ‘ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്തായിട്ടുണ്ട്.

ഒരു ദിവസത്തെ പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോര്‍ഡറിലുള്ളത്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്ന സംഭാഷണങ്ങള്‍ക്കും താന്‍ സാക്ഷിയായിരുന്നു എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവില്‍ നാല് തവണ ജാമ്യം നിഷേധിച്ചതിന് ശേഷം അഞ്ചാം തവണ ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS: Dileep’s audio recording released in the case of attacking the actress

We use cookies to give you the best possible experience. Learn more