പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ സിനിമ വിജയിക്കണം, നിങ്ങളിത് വിജയിപ്പിക്കണം: ആരാധകരോട് അപേക്ഷിച്ച് ദിലീപ്
Entertainment
പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ സിനിമ വിജയിക്കണം, നിങ്ങളിത് വിജയിപ്പിക്കണം: ആരാധകരോട് അപേക്ഷിച്ച് ദിലീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 3:18 pm

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ മലയാളസിനിമയിലെ ദിലീപിന്റെ സ്ഥാനം ഏറെക്കുറെ നഷ്ടമായിരിക്കുകയാണ്.  കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്രയും അതിന് പിന്നാലെ വന്ന തങ്കമണിയും മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാനാവാതെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നിരുന്നു. ഒരുകാലത്ത് സിനമാലോകം കൈപ്പിടിയിലൊതുക്കിയിരുന്ന ദിലീപിന് കേസിന് ശേഷം തിരിച്ചടികളുടെ സമയമാണ്.

തങ്കമണിക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന പുതിയ ചിത്രമാണ് പവി കെയര്‍ടേക്കര്‍. ഡിയര്‍ ഫ്രണ്ടിന് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് റിലീസാകും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഈ സിനിമ വിജയിക്കേണ്ടത് തന്റെ നിലനില്പിന്റെ പ്രശ്‌നമാണെന്നും ആരാധകരായ നിങ്ങള്‍ ഇത് വിജയിപ്പിക്കണമെന്നും ദിലീപ് അപേക്ഷിച്ചു.

‘ഇതെന്റെ 149ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ നിങ്ങളെ ഒരുപാട് ചിരിപ്പിച്ചു. പക്ഷേ ഞാന്‍ കഴിഞ്ഞ കുറേക്കാലമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ ആവശ്യമാണ്. എന്റെ പ്രേക്ഷകരെ വിശ്വസിച്ചുകൊണ്ട് മാത്രമാണ് ഈ സിനിമ തിയേറ്ററുകളിലെത്തുന്നത്. നിങ്ങളിത് വിജയിപ്പിക്കണം,’ ദിലീപ് പറഞ്ഞു.

ശരാശരി നിലവാരം മാത്രമുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റാക്കിയ നടന്‍ തന്റെ സിനിമ വിജയിപ്പിക്കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നത് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Content Highlight: Dileep request to fans to make his movie successful in box office