കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമിയാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധിയാണ് ദിലീപ് ലംഘിച്ചിരിക്കുന്നത്.
ദിലീപിന്റെ ഭൂമിയിടപാടിനെ കുറിച്ച് അഞ്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ കണ്ടുകെട്ടാണ് സര്‍ക്കാര്‍ തീരുമാനം.
കേസുമായി ബന്ധപ്പെട്ട അന്വേഷ റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്കകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
ദിലീപിന്റെ ഡി സിനിമാസ് തീയറ്റര്‍ ഭൂമി ഇന്നലെ വീണ്ടും അളന്നു തിട്ടപ്പെടുത്തിയിരുന്നു. സര്‍വ്വെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
ചാലക്കുടി പുഴയോരത്തോട് ചേര്‍ന്നുള്ള സ്ഥലം റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് വാങ്ങുന്നത്. 2005ല്‍ ഈ സ്ഥലം എട്ടുപേരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും കരമടയ്ക്കുകയും ചെയ്തിട്ടുണ്ട്. 2005ന് മുമ്പ് ഈ സ്ഥലത്തിന് ആരും നികുതി നല്‍കിയിട്ടില്ല. ഈ എട്ട് ആധാരങ്ങളും ദിലീപ് രജിസ്റ്റര്‍ ചെയ്ത് വാങ്ങുകയായിരുന്നു.
സര്‍വെ 680/1ല്‍ 82 സെന്റ് സ്ഥലത്താണ് തീയേറ്റര്‍. ചാലക്കുടി വില്ലേജ് ഓഫീസ് രേഖകളില്‍ ഇതേ സര്‍വേ നമ്പറില്‍ ഒരേക്കര്‍ 82 സെന്റ് സ്ഥലമെന്നും തിരുത്തി എഴുതിയിട്ടുണ്ട്. 2007ലാണ് ഈ തിരുത്തല്‍ നടത്തിയിട്ടുള്ളത്. ഈ ഭൂമി കൊച്ചിരാജവംശം കണ്ണമ്പുഴ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതായി പഴയ രേഖകളില്‍ പറയുന്നു. പിന്നീട് ഇത് ഊട്ടുപുര പറമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച കൃത്യമായ രേഖകള്‍ നഷ്ടമായതായും സൂചനയുണ്ട്.