പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ബോഡിഷെയ്മിങ്ങിനെക്കുറിച്ചുള്ള നടന്‍ ദിലീപിന്റെ പരാമര്‍ശം വിവാദത്തില്‍. പണ്ടത്തെ സിനിമകളിലെപ്പോലെ ഇപ്പോള്‍ കോമഡി കൈയില്‍ നിന്നിടുന്ന സമയത്ത് വേണോ വേണ്ടയോ എന്ന് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിലാണ് ദിലീപ് വിവാദപരമായ മറുപടി നല്‍കിയത്.
‘ഫ്രണ്ട്‌സ് തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുമ്പോഴാണ് ഹാസ്യമുണ്ടാകുന്നത്. സിനിമയിലും അതേ സാഹചര്യമാണ്. അവിടെ സംസാരിക്കുന്നത് സിനിമയാണ്. ആ കഥാപാത്രങ്ങളെയാണ് കളിയാക്കുന്നത്. ഇപ്പോള്‍ എന്താണവസ്ഥയെന്ന് വെച്ചാല്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ബോഡി ഷെയ്മിങ്ങിന്റെ കാര്യം പറഞ്ഞിട്ട് നമ്മളെ തടയും. അത് പറയണ്ട, അത് ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞാണ് ഇവര്‍ തടയുക.
അപ്പോള്‍ ഞാന്‍ അവരോട് ചോദിക്കും, ഇതൊരു നിയമമാണോ? നിയമമുണ്ടെങ്കില്‍ നമ്മളത് പാലിക്കണം. ഇതിപ്പോള്‍ കുറച്ച് ആള്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന വിഷയമല്ലേ, അതിനെ അതിന്റെ വഴിക്ക് വിടൂ. അവര്‍ പറഞ്ഞോട്ടെ, നമുക്കെന്താ. എന്നെയൊരാള്‍ കളിയാക്കുന്നതില്‍ എനിക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്താ കുഴപ്പം.
നമ്മള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അങ്ങനയുള്ള കാര്യങ്ങള്‍ നോക്കിയാല്‍ സിനിമ വളരെ ഡ്രൈയാവും. ഒരുപാട് സിനിമകളില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. എത്ര കഥാപാത്രങ്ങള്‍ എന്നെ കളിയാക്കുന്നുണ്ട്? കുഞ്ഞിക്കൂനനില്‍ കൂനുള്ള കഥാപാത്രം മുടന്തുള്ള കഥാപാത്രത്തെ കളിയാക്കുന്ന സീനുണ്ട്. അത് കളിയാക്കലിന്റെ രീതിയാണ്. അതിനയൊക്കെ തടയുമ്പോള്‍ തമാശ മരിക്കുന്നതായാണ് തോന്നുന്നത്,’ ദിലീപ് പറഞ്ഞു.
Content Highlight: Dileep reacts about body shaming jokes