കല്‍ക്കരി കുംഭകോണം: മൂന്ന് വര്‍ഷം തടവ് വിധിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ്ക്ക് ജാമ്യം
national news
കല്‍ക്കരി കുംഭകോണം: മൂന്ന് വര്‍ഷം തടവ് വിധിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ്ക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 6:49 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ്ക്ക് ജാമ്യം. റായിക്ക് പുറമേ കേസിലുള്‍പ്പെട്ട രണ്ട്‌പേര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രത്യേക സി.ബി.ഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.

കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം തടവാണ് ഇദ്ദേഹത്തിന് കോടതി വിധിച്ചിരുന്നത്. വാജ്പേയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്.

1999ല്‍ കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ അഴിമതിയും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ദിലീപ് റായ്ക്ക് പുറമെ മറ്റു രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും സി.ബി.ഐ കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

കേസില്‍ ശിക്ഷ വിധിച്ച എല്ലാവര്‍ക്കും സി.ബി.ഐ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കേസില്‍ ജാമ്യ ഹരജി നല്‍കുമെന്ന് ദിലീപ് റായിയുടെ അഭിഭാഷകന്‍ നേരത്തെ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യസഭാംഗമായിരുന്ന ദിലീപ് റായി ബി.ജെ.ഡി എന്‍.ഡി.എക്കൊപ്പമുണ്ടായിരുന്ന കാലത്താണ് കേന്ദ്ര സഹമന്ത്രിയാകുന്നത്. എന്നാല്‍ ബി.ജെ.ഡി 2002ല്‍ ദിലീപിനെ പുറത്താക്കിയിരുന്നു.

പാര്‍ട്ടിയുടെ ടിക്കറ്റ് നിഷേധിച്ച് രണ്ടാം തവണ രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചതിനെ തുടര്‍ന്നാണ് ദിലീപ് റായിയെ പുറത്താക്കിയത്.

സംസ്ഥാന മന്ത്രിസഭയിലേക്ക് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മൂന്ന് തവണ മത്സരിച്ചു. എന്നാല്‍ 2009ല്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിട്ട് തുടങ്ങിയതിനെ തുടര്‍ന്ന് 2018ല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമല്ല ഇദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Dileep Ray Gets Bail in