| Tuesday, 1st February 2022, 2:55 pm

ഹാജരാക്കാത്ത ഫോണിലേക്ക് വന്നത് 12,000 കോളുകള്‍; ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യം: പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി. ദീലിപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി പറഞ്ഞു.

പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിച്ച ശേഷം വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡി.ജി.പി കോടതിയോട് ആവശ്യപ്പെട്ടു.

7 ഫോണുകളില്‍ 6 എണ്ണം മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഹാജരാക്കാത്ത ഫോണില്‍ 12,000ത്തിലധികം കോളുകള്‍ വിളിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഫോണിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഫോണിനെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് പ്രതിഭാഗം എങ്ങനെ പറയും എന്ന് ഡി.ജി.പി കോടതിയില്‍ ചോദിച്ചു.

അതേസമയം, നടന്‍ ദിലീപിന്റെ സുഹൃത്തും ഐ.ടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരേയും അന്വേഷണ സംഘം കാണും.

കഴിഞ്ഞ ദിവസമായിരുന്നു സലീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്. എറണാകുളം പെന്റ മേനകയിലായിരുന്നു ഇയാള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ കടയിലായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത്.

മുമ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ദിലീപിന്റെ ഫോണ്‍ സലീഷ് സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇയാള്‍ കാറപകടത്തില്‍ മരിക്കുന്നത്. അങ്കമാലിയില്‍ ഒരു മരത്തിന് സമീപം കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഒരു സാധാരണ കാറപകടം എന്ന നിലയിലാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ബൈജു കൊട്ടാരക്കരയും ഈ മരണത്തെ പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.


Content Highlights: Dileep must be questioned in custody: Prosecution

Latest Stories

We use cookies to give you the best possible experience. Learn more