തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ നടന്‍ ദിലീപ് ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്.
ബാലചന്ദ്രകുമാറിനെ കാണാനായി തിരുവനന്തപുരത്തെത്തിയ ദിലീപ് അദ്ദേഹത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പുറത്തായത്.
ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല എന്റെ വാട്‌സ്ആപ്പ് ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസ്സേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ പലതവണ വിളിക്കുന്നത്, എന്ന് ദിലീപ് പറയുന്നതിന്റെ വാട്‌സ് ആപ്പ് ദൃശ്യങ്ങളാണ് പുറത്തുവന്നത്.
തന്നെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ദിലീപ് തലസ്ഥാനത്തെത്തി രണ്ട് ദിവസം തങ്ങിയതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
തുടര്‍ച്ചയായി ദിലീപ് തന്നെ ഫോണ്‍ ചെയ്തിരുന്നെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാര്‍ ദിലീപിനെ തുടര്‍ച്ചയായി വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. താന് തിരുവനന്തപുരത്തുണ്ടെന്നും തനിക്ക് മെസ്സേജ് അയക്കാന്‍ സാധിക്കില്ലെന്നും വാട്‌സ്ആപ്പില്‍ ദിലീപ് പറയുന്നുണ്ട്.
2021 ഏപ്രില്‍ 10, 11 ദിവസങ്ങളിലാണ് ദിലീപ് ബാലചന്ദ്രകുമാറിനെ ഹോട്ടല്‍ മുറിയില്‍ കാത്തിരുന്നത്. എന്നാല്‍ ദിലീപുള്ള ഹോട്ടലിലേക്ക് താന്‍ എത്തിയാല്‍ ദിലീപിനൊപ്പമുള്ള സംഘം തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് കൂടിക്കാഴ്ചയില്‍ താന്‍ പിന്മാറാന്‍ കാരണമായതെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന്റേയും നടന്‍ സിദ്ദിഖിന്റെ പങ്കും വെളിപ്പെടുത്തുന്ന പള്‍സര്‍ സുനിയുടെ കത്തും പുറത്തുവന്നിട്ടുണ്ട്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നുണ്ട്.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.
”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ,’ സുനിയുടേതായി പുറത്തുവന്ന കത്തില്‍ പറയുന്നു.
ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.
‘അമ്മയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും,’ കത്തില്‍ പറയുന്നു.
തനിക്ക് ശിക്ഷ കിട്ടുന്നതില്‍ പ്രശ്നമില്ലെന്നും സത്യം പുറത്തറിഞ്ഞാല്‍ ദിലീപിനെ ആരും ആരാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
‘മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്തറിഞ്ഞാല്‍ ജനം ആരാധിക്കില്ല, തല്ലിക്കൊല്ലും’: പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.
കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ പള്‍സര്‍ സുനി കത്തില്‍ പറയുന്നു.
അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്‌തെന്നും അമ്മ പറഞ്ഞു.
അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ