എന്നേയും കാവ്യയേയും നിലനിര്‍ത്തുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവര്‍ എല്ലാം അറിയുകയും കാണുകയും വേണം
കൊച്ചി: പുതിയൊരു ജീവിതത്തിലേക്ക് കടന്ന തങ്ങള്‍ക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണ് വേണ്ടതെന്ന് കൊച്ചിയില്‍ വിവാഹിതരായ ദിലീപും കാവ്യയും.
ദയവുചെയ്ത് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ പറയാതിരിക്കുക. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവിഷയവും എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാനും കാവ്യയും ഇങ്ങനെ പോകുകയാണ്. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇരുപതോളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു എന്നൊരു തെറ്റ് മാത്രമേ ഞങ്ങള്‍ ചെയ്തുള്ളൂവെന്നും ദിലീപ് പറഞ്ഞു.
എന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ബലിയാടാക്കപ്പെട്ട ഒരാളാണ് കാവ്യ. അങ്ങനെയാണ് കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. ഇത്തരമൊരു ആലോചന ഉണ്ടായപ്പോള്‍ തന്നെ മകളാണ് പൂര്‍ണ പിന്തുണ നല്‍കി കൂടെ നിന്നത്. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിച്ചതെന്നും ദിലീപ് പറഞ്ഞു.
വിവാഹം എന്ന തീരുമാനം രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്. അതുകൊണ്ടാണ് ചടങ്ങ് ഇത്രയും ലളിതമായത്. എന്തായാലും പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും കൂടെയുണ്ടാകണം. എന്നേയും കാവ്യയേയും നിലനിര്‍ത്തുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവര്‍ എല്ലാം അറിയുകയും കാണുകയും വേണം. അതുകൊണ്ടാണ് മാധ്യമങ്ങളെ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചതെന്നും ദിലീപ് പറഞ്ഞു.
പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് നടി കാവ്യാമാധവന്‍ പ്രതികരിച്ചു. എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വേണമെന്ന് പറഞ്ഞപ്പോള്‍ രണ്ടല്ല മൂന്ന് എന്ന് ദിലീപ് തിരുത്തി. അതോടെ ക്ഷമിക്കണം, ഞങ്ങള്‍ മൂന്ന് പേര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാവ്യ പറഞ്ഞു. ഈ വിവാഹം പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും കാവ്യ പ്രതികരിച്ചു.
വിവാഹത്തിനായി അച്ഛനോട് പറഞ്ഞത് താനാണെന്ന് ദിലീപിന്റെ മകള്‍ മീനാക്ഷി പ്രതികരിച്ചു. വിവാഹത്തിന് തന്റെ പൂര്‍ണപിന്തുണയുണ്ടെന്നും മീനാക്ഷി പറഞ്ഞു.