ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല; ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം തുടരുന്നു
Kerala News
ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല; ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം തുടരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th February 2022, 2:45 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ് എന്നും ഇതിന് വേണ്ടി ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്.

ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തില്‍ ഭയമില്ലെന്ന് ഡി.ജി.പി കോടതിയില്‍ പറഞ്ഞു. പ്രതിഭാഗത്തിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ ആരോപണം നിലനില്‍ക്കല്ലെന്നും ഡി.ജി.പി പറഞ്ഞു.

പ്രതികളുടെ പശ്ചാത്തലം പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദം വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിട്ടുണ്ട്.

വളരെ ഗൗരവമുള്ള ഒരു കേസിനെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ ഇതിനിടെ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെയാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.

അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി.

ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ ആളാണ് ബാലചന്ദ്രകുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തനിക്കെതിരായ എഫ്.ഐ.ആറില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസിക്കരുത്. തന്റെ കക്ഷിയുടെ ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി സൂചനയുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം.

ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നതായും സൂചനയുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്.


Content Highlights: Dileep is not eligible for anticipatory bail; The prosecution case continues in the High Court