ആക്രമിക്കുന്നവര്‍ക്ക് ചായസല്‍ക്കാരം നടത്തണോ? പാര്‍ട്ടിപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണം നടത്തുമെന്ന് ബി.ജെ.പി നേതാവ്
national news
ആക്രമിക്കുന്നവര്‍ക്ക് ചായസല്‍ക്കാരം നടത്തണോ? പാര്‍ട്ടിപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണം നടത്തുമെന്ന് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th November 2020, 10:11 pm

കൊല്‍ക്കത്ത: തന്നെയോ തന്റെ പാര്‍ട്ടിപ്രവര്‍ത്തകരെയോ ലക്ഷ്യമിടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ആക്രമണം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇതിനായി കേന്ദ്രസേനയെ വരെ പ്രയോജനപ്പെടുത്തുമെന്നും ഘോഷ് പറഞ്ഞു.

അവര്‍ എന്റെ കാറ് ലക്ഷ്യമിട്ടു.എന്റെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും കൈയ്യും കാലും തല്ലിയൊടിക്കാന്‍ നോക്കുന്നു. പരസ്യമായി ആക്രമണം നടത്താന്‍ നോക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ചായ സല്‍ക്കാരം നടത്തുകയാണോ വേണ്ടത്? ഘോഷ് എന്‍ഡിടിവിയോട് പറഞ്ഞു.

എയര്‍ കണ്ടീഷണര്‍ മുറികളിലിരുന്നല്ല ഞങ്ങള്‍ സംസാരിക്കുന്നത്. താഴെത്തട്ടില്‍ നിന്നാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഇതിനോടകം ഞങ്ങളുടെ 120 തൊഴിലാളികളാണ് ജീവത്യാഗം ചെയ്തത്, ഘോഷ് പറഞ്ഞു.

അതേസമയം ആക്രമണമഴിച്ചുവിടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുമോ എന്ന ചോദ്യത്തിന്, തങ്ങള്‍ ആരെയും ഉപദ്രവിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ കേന്ദ്ര സേന നിയന്ത്രിക്കുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു ഘോഷിന്റെ മറുപടി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെയും ഘോഷ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. സംസ്ഥാനത്ത് എന്തുകൊണ്ടാണ് എന്നും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിക്കു. എന്തിനാണ് അവര്‍ രാഷ്ട്രീയപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്? അത്തരം കേസുകളില്‍ ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഘോഷ് ചോദിച്ചു.

നേരത്തെയും തൃണമൂല്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ആളാണ് ദിലീപ് ഘോഷ്.
പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.

അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.

രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു. മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും ഘോഷ് പറഞ്ഞിരുന്നു.

പശ്ചിമബംഗാളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശക്തമായ പ്രചരണമാണ് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും കാഴ്ചവെയ്ക്കുന്നത്. 2021 എപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dileep Ghosh Viloence Threat Aganist opposition