സുരി: ആക്രമിക്കുന്നവരെ തിരിച്ചടിയ്ക്കാന്‍ കൈയ്യില്‍ എപ്പോഴും മുളവടികള്‍ കരുതണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി ബംഗാള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബീര്‍ഭും ജില്ലയിലെ റാലിക്കിടെ ബി.ജെ.പി അണികളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നാക്രമിച്ചെന്നാരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു ഘോഷ്.
‘പാര്‍ട്ടി പ്രചരണപരിപാടിയ്‌ക്കെത്തിയ ഞങ്ങളുടെ പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസ് അണികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. അടി കൊള്ളാന്‍ വേണ്ടി ജനിച്ചവരല്ല ബി.ജെ.പിക്കാര്‍. എല്ലാ അണികളോടും എനിക്ക് ഒന്നേ പറയാനുള്ളു. ഒരു കാരണവശാലും വെറും കൈയ്യോടെ പുറത്തിറങ്ങരുത്. ഒരു മുളവടി എപ്പോഴും കൈയില്‍ കരുതണം. ആവശ്യം വരുമ്പോള്‍ തിരിച്ചടിയ്ക്കുകയും വേണം, ഘോഷ് പറഞ്ഞു
അതേസമയം ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ തൃണമൂല്‍ നേതാക്കളില്‍ പലരെയും ജയിലിലാക്കുമെന്നും ഘോഷ് പറഞ്ഞു.
പശ്ചിമ ബംഗാള്‍ ശാന്തമല്ല. തൃണമൂല്‍ നേതാക്കളുടെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്ന പൊലീസാണ് ഇവിടം ഭരിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ എത്തുന്നതോടെ കഥ മാറും. പലരും ജയിലില്‍ പോകുമെന്നും ഘോഷ് പറഞ്ഞു.
സിമുലിയയില്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പ്രവര്‍ത്തകരും ടി.എം.സി
അണികളും തമ്മില്‍ ഏറ്റുമുട്ടിയത്. ബിര്‍ഭുമിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
നേരത്തെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഘോഷ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബംഗാളിലെ തൃണമൂലിലെ പല നേതാക്കളും നിയമവിരുദ്ധമായി ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും അവരെയെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്നും ഘോഷ് പറഞ്ഞിരുന്നു. റെയ്ഡില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഘോഷ് പറഞ്ഞു.
‘തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ എന്നിവയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നു. വര്‍ഷങ്ങളായി ബംഗാളില്‍ നിരവധി കേസുകള്‍ ഇ.ഡിയും സി.ബി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. അതിലൊന്നും തന്നെ യാതൊരു ക്രമക്കേടും നടന്നിട്ടില്ല. ഇത്തരം ചിരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നത് ഘോഷ് അവസാനിപ്പിക്കണം’ സൗഗാത റോയ് പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് കൂടിയാണ് ദിലീപ് ഘോഷ്.
കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.
അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.
രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.
നേരത്തെ , മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും ഘോഷ് പറഞ്ഞിരുന്നു.
അതേസമയം പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. മമത ഭരിക്കുമ്പോള്‍ നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയവര്‍ഗിയ ആരോപിച്ചിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഗിയയുടെ ആരോപണം.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബി.ജെ.പിയെ വിജയിപ്പിക്കുന്നതിലൂടെ അക്രമരാഷ്ട്രീയം തടയാമെന്നുമാണ് വര്‍ഗിയയുടെ അവകാശം വാദം.
അതേസമയം അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക