കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുക എന്നതാണ് പശ്ചിമ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ സ്വീകരിച്ച നിലപാട് തന്നെയാണ് മമതയുടെ നേതൃത്വത്തില്‍ തൃണമൂലും നടത്തുന്നതെന്നും ഘോഷ് പറഞ്ഞു.
എല്ലാ കാര്യത്തിലും കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ സി.പി.ഐ ചെയ്ത അതേ നിലപാട് തന്നെയാണ് ഇവരും പിന്തുടരുന്നത്. മുഖ്യമന്ത്രിമാരുടെ സമ്മേളനങ്ങള്‍ അവര്‍ ബഹിഷ്‌കരിക്കുന്നു. കേന്ദ്രം ആവശ്യപ്പെടുന്ന സമയത്ത് ജില്ലാ മജിസ്‌ട്രേറ്റുമാരെയോ സെക്രട്ടറിമാരെയോ അവര്‍ അയയ്ക്കാറില്ല, ഘോഷ് പറഞ്ഞു.
ഫെഡറല്‍ സംവിധാനം പിന്തുടരുന്ന രാജ്യമാണ് ഇന്ത്യയെന്നും അതിനാല്‍ കേന്ദ്രം നിര്‍ദ്ദേശത്തിനനുസരിച്ച് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നതില്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഘോഷ് രംഗത്തെത്തിയിരുന്നു. തൃണമൂല്‍ നേതാക്കള്‍ നിയമവിരുദ്ധമായി ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്നും അവരെയെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റിനെ വിട്ട് പരിശോധിപ്പിക്കുമെന്നും ഘോഷ് പറഞ്ഞിരുന്നു. റെയ്ഡില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഘോഷ് പറഞ്ഞു.
‘തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ എന്നിവയെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നു. വര്‍ഷങ്ങളായി ബംഗാളില്‍ നിരവധി കേസുകള്‍ ഇ.ഡിയും സി.ബി.ഐയും കൈകാര്യം ചെയ്യുന്നുണ്ട്. അതിലൊന്നും തന്നെ യാതൊരു ക്രമക്കേടും നടന്നിട്ടില്ല. ഇത്തരം ചിരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നത് ഘോഷ് അവസാനിപ്പിക്കണം’ സൗഗത റോയ് പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് കൂടിയാണ് ദിലീപ് ഘോഷ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക