കൊല്‍ക്കത്ത: പൊതുപരിപാടികളില്‍ ജയ് ബംഗ്ലാ മുദ്രാവാക്യം വിളിച്ച് പശ്ചിമ ബംഗാളിനെ ഗ്രേറ്റര്‍ ബംഗ്ലാദേശ് ആക്കാനാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.
ഇസ്‌ലാമിക് രാജ്യമായ ബംഗ്ലാദേശിന്റെ മുദ്രാവാക്യമാണ് ജയ് ബംഗ്ലാ. അതാണ് പൊതുവേദികളില്‍ മമത ഇപ്പോള്‍ ഉപയോഗിക്കുന്നത്. പശ്ചിമ ബംഗാളിനെ ഒരു ഗ്രേറ്റര്‍ ബംഗ്ലാദേശ് ആക്കാനാണ് അവരുടെ ശ്രമമെന്ന് വ്യക്തമാണ്, ഘോഷ് പറഞ്ഞു.
ഘോഷിന്റെ ഈ പരാമര്‍ശത്തോട് പ്രതികരിച്ച് തൃണമൂല്‍ എം.പി സൗഗത റോയ് രംഗത്തെത്തിയിരുന്നു. മറുപടി അര്‍ഹിക്കാത്ത വിലകുറഞ്ഞ പരാമര്‍ശമെന്നാണ് സൗഗത റോയ് പറഞ്ഞത്. ബംഗാളില്‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ബിജെപി പ്രചാരണത്തിലുടനീളം ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 23 ന് നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 124-മത് ജന്മവാര്‍ഷിക പരിപാടിയില്‍ ജയ് ശ്രീറാം മുദ്രാവാക്യമുയര്‍ന്നതിനെത്തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷ് മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.
കൊല്‍ക്കത്തയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ജയ് ശ്രീറാം വിളിയുമായി ചിലര്‍ രംഗത്തെത്തിയത്. ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു.
മമത പ്രസംഗിക്കാന്‍ ഡയസിലേക്ക് എത്തിയ സമയത്ത് സദസ്സിലെ ഒരു വിഭാഗം ആളുകള്‍ ജയ് ശ്രീറാം വിളി മുഴക്കുകയായിരുന്നു. തുടര്‍ന്ന് മമത സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
‘ഇത് ഒരു സര്‍ക്കാര്‍ ചടങ്ങാണ്, അല്ലാതെ രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയല്ല. ഇതിന് ഒരു അന്തസ്സ് വേണം. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കരുത്. ഞാന്‍ ഇനിയൊന്നും സംസാരിക്കില്ല. ജയ് ബംഗ്ലാ, ജയ് ഹിന്ദ്.’ മമത ബാനര്‍ജി പറഞ്ഞു. തുടര്‍ന്ന് ചടങ്ങില്‍ നിന്നും മമത ഇറങ്ങിപ്പോകുകയായിരുന്നു.
ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കാതിരുന്ന മമതാ ബാനര്‍ജിക്കെതിരെ ഹരിയാന മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു. മമതക്ക് മുന്നില്‍ ജയ് ശ്രീറാം വിളിക്കുന്നത്, കാളക്ക് മുന്നില്‍ ചുവപ്പ് തുണി കാണിക്കും പോലെയാണെന്നാണ് അനില്‍ വിജ് പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക