കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ എന്നും അദ്ദേഹം ആരോപിച്ചു.
‘വടക്കന്‍ ബംഗാളില്‍ നിന്ന് 6 അല്‍ഖ്വയ്ദ ഭീകരരെയാണ് അറസ്റ്റ് ചെയ്തതത്. സംസ്ഥാനത്ത് ഇവര്‍ക്ക് ശക്തവും വ്യാപകവുമായ വേരുണ്ട്. ബംഗാളില്‍ നിന്ന് ഭീകരര്‍ പരിശീലനം നേടി ബംഗ്ലാദേശിലേക്ക് എത്തുന്നുവെന്ന് ബംഗ്ലാദേശി നേതാവ് ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയില്‍ വേരോട്ടമുള്ള പല ഭീകര പ്രസ്ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്’ – ഇതായിരുന്നു ഘോഷിന്റെ ആരോപണം.
കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.
അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.
രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്ര്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.
നേരത്തെ , മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്ന് കൊലവിളി നടത്തിയ നേതാവ് കൂടിയാണ് ദിലീപ് ഘോഷ്.
അതേസമയം പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്ന ആവശ്യപ്പെട്ട് ആവര്‍ത്തിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. മമത ഭരിക്കുമ്പോള്‍ നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയവര്‍ഗിയ ആരോപിച്ചിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഗിയയുടെ ആരോപണം.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബി.ജെ.പിയെ വിജയിപ്പിക്കുന്നതിലൂടെ അക്രമരാഷ്ട്രീയം തടയാമെന്നുമാണ് വര്‍ഗിയയുടെ അവകാശം വാദം.
അതേസമയം അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക