കൊച്ചി: ശബരിമലയില്‍ നടന് ദിലീപിന് വി.ഐ.പി പരിഗണന നല്‍കിയതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.
വിഷയം ചെറുതായി കാണാന്‍ കഴിയില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വി.ഐ.പി ഭക്തര്‍ എന്ന പരിഗണനയെ പല ഘട്ടങ്ങളിലായി ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി വൈകി ശബരിമല ദര്‍ശനത്തിന് എത്തിയ ദിലീപിന് എങ്ങനെയാണ് വി.ഐ.പി പരിഗണന നല്‍കിയതെന്നും നടയില്‍ നിന്ന് എങ്ങനെ ദര്‍ശനം നടത്തിയെന്നും ഹൈക്കോടതി ചോദിച്ചു.
ഇക്കാര്യങ്ങളിലെല്ലാം വിശദീകരണം വേണമെന്നും വ്യക്തത വരുത്തണമെന്നുമാണ് ദേവസ്വം ബെഞ്ച് പറഞ്ഞിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30യ്ക്ക് മുമ്പേ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമല സന്ദര്‍ശനത്തില്‍ ദിവസേനയുള്ള പരിശോധന നടത്തുന്നതിനിടെയാണ് കോടതി ദിലീപിന് വി.ഐ.പി പരിഗണന ശ്രദ്ധയില്‍പെട്ടതെന്നും വിശദീകരണം തേടിയതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെയാണ് നടന്‍ ദിലീപ് ശബരിമലയിലെത്തിയത്. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുന്‍പാണ് ദിലീപ് ദര്‍ശനം നടത്തിയത്. ഹരിവരാസനം കീര്‍ത്തനം പൂര്‍ത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപിന് വി.ഐ.പി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്. ദിലീപിന് ക്യൂ ഒഴിവാക്കി പോലീസുകാര്‍ക്കൊപ്പം ദര്‍ശനത്തിനായി എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Content Highlight: Dileep gets VIP treatment at Sabarimala; High Court sought clarification