ദിലീപിന്റെ സുഹൃത്തും ഐ.ടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala
ദിലീപിന്റെ സുഹൃത്തും ഐ.ടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 11:08 am

കൊച്ചി: നടന്‍ ദിലീപിന്റെ സുഹൃത്തും ഐ.ടി സഹായിയുമായ സലീഷിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സലീഷിന്റെ സഹോദരന്റേയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരേയും അന്വേഷണ സംഘം കാണും.

കഴിഞ്ഞ ദിവസമായിരുന്നു സലീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

കോടാലി സ്വദേശി സലീഷ് 2020 ഓഗസ്റ്റ് 30 നാണ് റോഡപകടത്തില്‍ മരിച്ചത്. എറണാകുളം പെന്റ മേനകയിലായിരുന്നു ഇയാള്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ കടയിലായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്നത്.

മുമ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയില്‍ ദിലീപിന്റെ ഫോണ്‍ സലീഷ് സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇയാള്‍ കാറപകടത്തില്‍ മരിക്കുന്നത്. അങ്കമാലിയില്‍ ഒരു മരത്തിന് സമീപം കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഒരു സാധാരണ കാറപകടം എന്ന നിലയിലാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ബൈജു കൊട്ടാരക്കരയും ഈ മരണത്തെ പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

കാറപകടമല്ല കരുതി കൂട്ടിയുള്ള കൊലപാതകമാണെന്നും മരണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടോ എന്നുള്ള തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സലീഷിന്റെ ജ്യേഷ്ഠന്‍ ശിവദാസാണ് പരാതി നല്‍കിയത്.

ദിലീപിന്റെ വിശ്വസ്ഥനായിരുന്ന സലീഷിന് പല നിര്‍ണായക വിവരങ്ങളും അറിയാമായിരുന്നു എന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണുകളുമായി ബന്ധപ്പെട്ട് പല സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാനും ദീലീപ് സനീഷിനെ ഉപയോഗിച്ചിരുന്നു എന്നും ആരോപണങ്ങളുണ്ട്. ദിലീപിനെ കാണാന്‍ പോവുന്നു എന്ന് പ്രതികരിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു സലീഷിന്റെ മരണം എന്നും ഇതില്‍ ദൂരൂഹതയുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കോടതി ഇന്ന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.

കേസിലെ നിര്‍ണായക തെളിവുകളെന്ന് കരുതുന്ന മൊബൈല്‍ ഫോണുകളില്‍ ചിലത് ദിലീപ് കഴിഞ്ഞ ദിവസം കോടതിക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു.

ആറ് ഫോണുകളാണ് ഹാജരാക്കിയത്. മുംബൈയില്‍ നിന്ന് എത്തിച്ച രണ്ട് ഫോണും അഭിഭാഷകരുടെ കൈയിലുണ്ടായിരുന്ന നാല് ഫോണുകളുമാണ് ജൂനിയര്‍ അഭിഭാഷകന്‍ മുഖേന എത്തിച്ചത്. ഫോണ്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഇന്ന് ഏജന്‍സിയെ നിശ്ചയിക്കുമെന്നാണ് സൂചന.

ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. കോടതിക്ക് കൈമാറുന്ന ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

Content Highlight: Dileep Friend Death Investigate Crime Branch