കോഴിക്കോട്: പള്‍സര്‍ സുനി ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പങ്കെടുത്തുന്ന എന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് ചെയര്‍മാന്‍ റിയാസ് ഖാന്‍. പ്രസ്തുതവാര്‍ത്തയ്‌ക്കൊപ്പം പള്‍സര്‍ സുനി എന്നുമാര്‍ക്കു ചെയ്ത് നല്‍കിയ ഫോട്ടോ തന്റേതാണെന്നും തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് ഖാന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫെബ്രുവരി 19ന് രാവിലെ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല കമ്മിറ്റി യോഗത്തിനുശേഷം കമ്മിറ്റിയിലെ ഭാരവാഹികള്‍ക്കൊപ്പം എടുത്ത ഫോട്ടോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു.
ഈ ഫോട്ടോ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ പത്രം ദിലീപ് ഫാന്‍സ് യോഗത്തില്‍ പള്‍സര്‍ സുനി യോഗത്തില്‍ പങ്കെടുത്തു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്നും മറ്റു ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇത് ഏറ്റുപിടിച്ചു എന്നുമാണ് റിയാസ് ആരോപിക്കുന്നത്. വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രങ്ങളുടെ പേരെടുത്തു പറഞ്ഞാണ് റിയാസ് രംഗത്തുവന്നിരിക്കുന്നത്.
ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്ത പോസ്റ്റു ചെയ്‌തെന്നും റിയാസ് പേരു പറയാതെ സൂചിപ്പിച്ചു.
ഇതുവഴി തനിക്കുണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ പൊതുസമൂഹത്തിനു മുന്നില്‍ എത്തിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് അറിയിച്ചു. വ്യാജവാര്‍ത്തയിലൂടെ ഇവര്‍ തന്നെയല്ല, ഫാന്‍സ് അസോസിയേഷന്‍ എന്നതിനു മുമ്പിലുള്ള “ദിലീപ്” എന്നതിനെയാണ് ലക്ഷ്യമിടുന്നതെന്നും റിയാസ് ആരോപിക്കുന്നു.