ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തലവന്‍. ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടില്‍ വന്ന ചിത്രമാണ് ഇത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ വരുന്ന പോസ്റ്റുകളാണ് ഏറെ ശ്രദ്ധനേടുന്നത്. തലവന്റെ താങ്‌സ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന താരങ്ങളുടെ പേരുകളെ സംബന്ധിച്ചാണ് പോസ്റ്റുകള്‍. അതില്‍ നടന്‍ ദിലീപിന്റെ പേര് ഉള്‍പ്പെടുത്തതിരുന്നത് മോശമായി പോയെന്ന് പറഞ്ഞാണ് പോസ്റ്റുകള്‍ വരുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗീസ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ താങ്‌സ് കാര്‍ഡിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റിനൊപ്പമുണ്ട്.
ഈ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ടും എതിര്‍ത്തും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ ഉള്ളവരുടെയെല്ലാം പേരുകള്‍ വെറുതെ സിനിമയുടെ തുടക്കത്തില്‍ താങ്‌സ് കാര്‍ഡില്‍ വെക്കുകയല്ലെന്നും, ഏതെങ്കിലും തരത്തില്‍ ആ സിനിമയുടെ നിര്‍മാണത്തില്‍ അവരെ സഹായിക്കുകയോ അവരോട് സഹകരിക്കുകയോ അവര്‍ക്ക് ആശംസകള്‍ അറിയിക്കുകയോ ചെയ്തവരുടെ പേരുകളാണ് ഇതെന്നുമാണ് ചിലര്‍ കമന്റിടുന്നത്.
അതേസമയം മെയ് 24ന് തിയേറ്ററില്‍ എത്തിയ തലവന്‍ തിയേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ബിജു മേനോനും ആസിഫ് അലിയും പൊലീസുകാരായി എത്തുന്ന ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളും അവര്‍ക്കിടയിലേക്ക് വരുന്ന കൊലപാതക കേസുമൊക്കെയാണ് തലവന്‍ പറയുന്നത്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.
ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, ജാഫര്‍ ഇടുക്കി, ടെസ, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Dileep Fans Against Thalavan Movie Thanks Card