കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
12 വ്യത്യസ്ത നമ്പരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവരെന്നാണ് സൂചന.
ജനുവരി 30ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കുമിടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31 ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന് തൊട്ട് ദിവസം മുമ്പായിരുന്നു തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്.
നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊബൈല്‍ ഫോണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം കിട്ടിയിരുന്നു. മുന്‍ ആദായ നികുതി ഉദ്യോഗസ്ഥന്‍ വിന്‍സെന്റ് ചൊവ്വല്ലൂരാണ് സഹായിച്ചത്.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലെ പ്രതിയാണ് വിന്‍സെന്റ് ചൊവ്വല്ലൂര്‍. അഭിഭാഷകനാവശ്യപ്പെട്ട പ്രകാരമാണ് ലാബിനെ സമീപിച്ചതെന്ന് വിന്‍സെന്റ് പറഞ്ഞിരുന്നു.
ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെടുത്തിട്ടുണ്ട്.
ഫോണുകള്‍ പരിശോധിച്ച ലാബുകള്‍ നല്‍കിയ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.
അതേസമയം, ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍.
Content Highlights: Dileep destroys 12 phone chats that related to actress attack case