ദിലീപും നിര്‍മാതാവും ആവശ്യപ്പെട്ട് സ്ലാങ് മാറ്റി, പടം പരാജയപ്പെട്ടു; അതേ സ്ലാങ്ങില്‍ വന്ന രാജമാണിക്യം ഹിറ്റായി: ലാല്‍ജോസ്
Entertainment news
ദിലീപും നിര്‍മാതാവും ആവശ്യപ്പെട്ട് സ്ലാങ് മാറ്റി, പടം പരാജയപ്പെട്ടു; അതേ സ്ലാങ്ങില്‍ വന്ന രാജമാണിക്യം ഹിറ്റായി: ലാല്‍ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 1:43 pm

രസികന്‍ സിനിമയുടെ ഡയലോഗുകള്‍ തിരുവനന്തപുരം സ്ലാങ്ങിലാണ് എഴുതിയിരുന്നതെന്നും എന്നാല്‍ ദിലീപും നിര്‍മാതാവും ആവശ്യപ്പെടത് കൊണ്ടാണ് അത് മാറ്റിയത് എന്നും സംവിധായകന്‍ ലാല്‍ ജോസ്. തിരുവനന്തപുരം സ്ലാങ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് മനസിലാകുമോ എന്ന സംശയത്താലാണ് മുരളി ഗോപി അത് ഒരു ന്യൂട്രല്‍ ഭാഷയിലേക്ക് മാറ്റിയത് എന്നും ലാല്‍ ജോസ് പറഞ്ഞു.

സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സ്ലാങ്ങിലായിരുന്നു രസികന്‍ സിനിമയുടെ സംഭാഷണങ്ങളെങ്കില്‍ അതിലെ തമാശകള്‍ വര്‍ക്കാകുമായിരുന്നു എന്നും അതേ സ്ലാങ്ങില്‍ വന്ന രാജമാണിക്യം വലിയ ഹിറ്റായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘രസികന്‍ തിരുവനന്തപുരത്ത് നടക്കുന്ന കഥയായിരുന്നു. അത്‌കൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു മുരളി ഗോപി രസികന്റെ സംഭാഷണങ്ങള്‍ എഴുതിയിരുന്നത്. എന്നാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ സ്ലാങ് മനസ്സിലാകുമോ എന്ന സംശയം ദിലീപിനും നിര്‍മാതാവിനുമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് മാത്രം പടം ഓടിയാല്‍ മതിയോ എന്നും അവര്‍ ചോദിച്ചു. പിന്നീട് അവരുടെ ആവശ്യാനുസരണമാണ് സംഭാഷണങ്ങള്‍ ഒരു ന്യൂട്രല്‍ ഭാഷയിലേക്ക് മാറ്റിയത്. അല്ലായിരുന്നു എങ്കില്‍ ആ സ്ലാങ്ങിന്റെ തമാശയെങ്കിലും വര്‍ക്ക് ചെയ്യുമായിരുന്നു.

ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. അത് കഴിഞ്ഞ് പില്‍ക്കാലത്ത് ഇതേ സ്ലാങ്ങില്‍ വന്ന രാജമാണിക്യം വലിയ ഹിറ്റാവുകയും ചെയ്തു. അന്‍വര്‍ റഷീദിന്റെ ആദ്യ സിനിമ. തിരുവനന്തപുരം സ്ലാങ്ങില്‍ മുഴുവന്‍ സംസാരിച്ച ആ സിനിമ ആളുകള്‍ക്ക് വലിയ ഇഷ്ടമായി. ചില നിര്‍ഭാഗ്യങ്ങള്‍ ചില സമയത്ത് നമ്മളെ പിന്തുടരും. അങ്ങനെ രസികന്‍ തിയേറ്ററില്‍ പരാജയപ്പെട്ടു’ ലാല്‍ജോസ് പറഞ്ഞു.

content highlights: Dileep changed the Thiruvananthapuram slang in Rasikan movie by saying: Laljos