| Thursday, 27th January 2022, 11:08 am

തെളിവ് ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍; ദിലീപിനെ ബുധനാഴ്ച വരെ അറസ്റ്റു ചെയ്യില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.

അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ദിലീപ് അറിയിച്ചിട്ടുണ്ട്. ഫോണ്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിന് ഉടന്‍ മറുപടി നല്‍കും.

കേസിലെ അഭിഭാഷകന് മൊബൈല്‍ ഫോണുകള്‍ കൈമാറിയെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് അഭിഭാഷകന്റെ കൈയില്‍ ശാസ്ത്രീയ പരിശോധനക്ക് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെട്ടുത്താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ല. അന്ന് വീട്ടില്‍ വെച്ച് നടന്ന സംസാരം വൈകാരികമായ സംസാരം മാത്രമാണ്. അതിന് പിന്നില്‍ ഗൂഢലക്ഷ്യമില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

ഫോണുകള്‍ കേസുമായി ബന്ധമുള്ളതല്ലെന്നും ഹാജരാക്കാനാവില്ലെന്നുമാണ് അറിയിച്ചത്. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണ്‍ ആണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോണ്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ താന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചുവെന്നും ദിലീപ് പറയുന്നു.

ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം ലഭിക്കും. ഈ ഫലം താന്‍ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കിയതാണ്. വീണ്ടും ഫോണ്‍ ആവശ്യപ്പെടാന്‍ നിയമപരമായി അധികാരമില്ല. ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയത് നിയമപരമല്ല. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം. ഇവര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോണ്‍ പരിശോധിച്ചാല്‍ തെളിയുമെന്നും ദിലീപ് ആരോപിക്കുന്നു.

അതേസമയം, ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പഴയ ഫോണുകള്‍ ഒളിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഫോണിലെ രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോണ്‍ മാറ്റിയത്.

We use cookies to give you the best possible experience. Learn more